സിറിയയിലെ യുഎസ് താവളത്തിന് നേരെ വീണ്ടും ആക്രമണം
സിറിയയിലെ ദേര്‍ അല്‍-സോര്‍ പ്രവിശ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ വീണ്ടും ആക്രമണം. ഇറാന്‍ പിന്തുണയുള്ള സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച സിറിയയിലെ യുഎസ് താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് സൈനികര്‍ക്ക് പരിക്കേറ്റതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ഇറാഖിലെ ഐന്‍ അല്‍ അസദ് താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഏഴ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. ആക്രമണത്തില്‍ നിന്ന് പിന്മാറണമെങ്കില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലെബനന്‍ ഷിയാ-സായുധ സംഘടനയായ ഹിസ്ബുള്ളയുടെ നേതാവ് ഫുവാദ് ഷുക്കറിനെയും ഹനിയയെയും കഴിഞ്ഞ മാസമാണ് കൊലപ്പെടുത്തുന്നത്. രണ്ട് കൊലപാതകങ്ങളിലും ഇസ്രയേല്‍ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഹിസ്ബുള്ളയെപോലുള്ള സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇറാന്‍ നേരിട്ട് ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേലിന് യുഎസ് പിന്തുണ
യുദ്ധവിമാനങ്ങളും അത്യാധുനിക എയര്‍-ടു-എയര്‍ മിസൈലുകളും ഉള്‍പ്പെടെ ഇസ്രയേലിന് 20 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൈമാറാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അനുമതി നല്‍കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിന്റെ സുരക്ഷയും സ്വയം പ്രതിരോധ ശേഷി വികസിപ്പിക്കാന്‍ സഹായിക്കുന്നതും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ദേശീയ താല്‍പ്പര്യങ്ങളുടെ ഭാഗമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും ഹിസ്ബുള്ളയില്‍ നിന്നും ഉണ്ടാകാന്‍ പോകുന്ന തിരിച്ചടിയ്ക്ക് ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെയാണ് യുഎസിന്റെ പുതിയ പ്രഖ്യാപനം.