PHOTO: PTI
മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപുര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ ഉണ്ടായ വെടിവയ്പ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. കുക്കി സായുധസേനയും, മെയ്‌തേയികളും തമ്മിലാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ത്തു.
അക്രമത്തെ തുടര്‍ന്ന് നൂറോളംപേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ആറുതവണ വെടിവയ്പ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷാസേന പ്രത്യാക്രമണം നടത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. അതേസമയം ബിഷ്ണുപൂരിലെ ഹവോതകില്‍ അക്രമികള്‍ വെടിവയ്പും ബോംബാക്രമണവും നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതിഷേധവുമായി കുക്കികള്‍
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങിനെതിരെ കുക്കികള്‍ രംഗത്തുവന്നു. കുക്കികളുടെ പിന്നാക്ക വിഭാഗപദവി പുനഃപരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ പ്രസ്താവന സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കത്തിനാണ് സാഹചര്യമൊരുക്കിയതെന്ന് കുക്കി വിഭാഗം നേതാക്കള്‍ പറഞ്ഞു. കുക്കികളുടെ പട്ടികവര്‍ഗ പദവി പുനഃപരിശോധിക്കാന്‍ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മെയ്‌തേയ് വിഭാഗത്തിന് എസ്ടി പദവി നല്‍കണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.
അശാന്തിക്കു പിന്നില്‍
2023 മെയ് മൂന്നുമുതലാണ് മണിപ്പൂര്‍ സംഘര്‍ഷാവസ്ഥയില്‍ എത്തിയത്. ഇതിനോടകം 180 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. മെയ്‌തേയി, കുക്കി വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമങ്ങള്‍ രൂക്ഷമായത്. മണിപ്പൂര്‍ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. ഗോത്രവര്‍ഗക്കാരായ നാഗകളും കുക്കികളും 40 ശതമാനത്തിലധികവും വരുന്നവരാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്‌തേയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം ഉടലെടുത്തത്. മെയ്‌തേയികള്‍ പ്രധാനമായും ഹിന്ദുക്കളും കുക്കികള്‍ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറുകയായിരുന്നു. മണിപ്പൂര്‍ നിയമസഭയിലെ 60 സീറ്റുകളില്‍ 40 എണ്ണവും മെയ്‌തേയി ഭൂരിപക്ഷ മേഖലയായ ഇംഫാല്‍ താഴ്‌വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്ന് മെയ്‌തേയി സമുദായം ആവശ്യപ്പെട്ടു. എന്നാല്‍ കുക്കിലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരില്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍ സമാധാനാന്തരീക്ഷത്തെ പാടെ തകര്‍ത്തിരിക്കുകയാണ്. ചെറിയൊരു ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസം മുതല്‍ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.