പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി യുഎസില്‍ വീണ്ടും പ്രതിഷേധം
പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി ചിക്കാഗോയിലെ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രതിഷേധം. ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്റെ ഉദ്ഘാടന ദിനത്തിലാണ് ഗാസ വംശഹത്യക്കെതിരെ പ്രതിഷേധമുയര്‍ന്നത്. യു.എസ് ഇസ്രയേലിന് നല്‍കിവരുന്ന സഹായങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. പലസ്തീന്‍ വംശഹത്യക്ക് അറുതി വരുത്താന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് മുന്നിട്ടിറങ്ങണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചിക്കാഗോയിലെ യൂണിയന്‍ പാര്‍ക്കില്‍ ആയിരത്തിലധികം പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്.
ചിക്കാഗോ മുതല്‍ ഗാസ വരെയുള്ള ഭരണകൂട ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിശബ്ദത, ഇസ്രയേലിന്റെ ആക്രമണം തുടങ്ങിയ പോസ്റ്ററുകള്‍ വഹിച്ചുക്കൊണ്ടായിരുന്നു പ്രതിഷേധം. ഗാസയ്ക്ക് വേണ്ടി പ്രതിഷേധിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്ന് പോലീസ് സുപ്രണ്ട് പറഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റ് ഭീഷണി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചില്ല. പോലീസ് തെരുവില്‍ അണി നിരന്നപ്പോഴും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് മാര്‍ച്ച് തുടരുകയാണുണ്ടായത്.