
വീണ്ടും കപ്പല്‍ അപകടം; കണ്ടെയ്നറുകള്‍ കടലില്‍ വീണു
കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം എംവി വാന്‍ ഹായ് 503 ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലില്‍ വീണു. 650 ഓളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്.
കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ പടിഞ്ഞാറന്‍ തീരമേഖലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. 22 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇതില്‍ 18 പേരെ രക്ഷിച്ചതായുമാണ് വിവരം. തീപിടിച്ച കപ്പലില്‍ നിന്നും നിരവധി പൊട്ടിത്തെറികള്‍ ഉണ്ടായെന്നും വിവരമുണ്ട്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്. ബേപ്പൂരിലും കൊച്ചിയിലും ചികിത്സ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
സമീപകാലത്ത് കേരളതീരത്ത് ഉണ്ടാകുന്ന രണ്ടാമത്തെ കപ്പല്‍ അപകടമാണിത്. കഴിഞ്ഞ മാസം കൊച്ചി തീരത്തിന് സമീപം പ്രതികൂല കാലാവസ്ഥയില്‍ കപ്പല്‍ മുങ്ങിയിരുന്നു. നിരവധി കണ്ടെയ്‌നറുകളാണ് അന്ന് കടലില്‍ പതിച്ചത്.


