TMJ
searchnav-menu
post-thumbnail

TMJ Daily

സിഖ് വിരുദ്ധ കലാപം: മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം

25 Feb 2025   |   1 min Read
TMJ News Desk

1984ലെ സിഖ് വിരുദ്ധ കലാപങ്ങളിലെ ഒരു കൊലപാതക കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം. 1984 നവംബര്‍ 1ന് ജസ്വന്ത് സിങ്ങിനേയും മകന്‍ തരുണ്‍ദീപ് സിങ്ങിനേയും വധിച്ചുവെന്ന കേസിലാണ് പ്രത്യേക ജഡ്ജി കാവേരി ബവേജ ശിക്ഷ വിധിച്ചത്.

സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ജനുവരി 12ന് കോടതി വിധിച്ചിരുന്നു. വധശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പ്രതികളുടെ മാനസികാവസ്ഥയുടെ റിപ്പോര്‍ട്ട് തേടണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തില്‍ സജ്ജന്‍ കുമാറിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് കോടതി തേടിയിരുന്നു.

കലാപം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് സജ്ജന്‍ കുമാര്‍. 1984ലെ സിഖ് വിരുദ്ധ കലാപകാലത്ത് ആയിരക്കണക്കിനുപേര്‍ വരുന്ന ജനക്കൂട്ടം ഡല്‍ഹി രാജ്‌നഗറില്‍ വസിച്ചിരുന്ന അച്ഛനേയും മകനേയും വധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ വിധി.

ഈ ജനക്കൂട്ടത്തെ നയിച്ചത് സജ്ജന്‍ കുമാറാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. സജ്ജന്‍ കുമാര്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം ഇരുവരേയും ജീവനോടെ തീകൊളുത്തി കൊന്നുവെന്നും ആരോപിച്ചു. അവരുടെ വീട് കത്തിക്കുകയും കുടുംബാംഗങ്ങളേയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സജ്ജന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.


#Daily
Leave a comment