TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ റോബർട്ട് എഫ് കെന്നഡി; രൂക്ഷ വിമർശനവുമായി ആരോഗ്യ വിദഗ്ദ്ധർ 

16 Nov 2024   |   1 min Read
TMJ News Desk

യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തിന്റെ ആരോഗ്യവകുപ്പ് സെക്രട്ടറിയായി റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ നിയമിച്ചു. വാക്‌സിൻ വിരുദ്ധനായ ആർ എഫ് കെന്നഡിയെ ആരോഗ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചതിൽ ആരോഗ്യ വിദഗ്ദ്ധരിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. അതേസമയം, കെന്നഡിയെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതിൽ താൻ സന്തോഷവാനാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ വീണ്ടും ആരോഗ്യമുള്ളതാക്കാൻ കെന്നഡി ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റായി തിരിഞ്ഞെടുക്കപ്പെട്ട ട്രംപ് പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വഞ്ചനയും, തെറ്റായ വിവരങ്ങളും ഒക്കെ നൽകുന്ന വ്യാവസായിക ഭക്ഷ്യ സമുച്ചയവും, മയക്കുമരുന്ന് കമ്പനികളും വളരെക്കാലമായി അമേരിക്കക്കാരെ അടിച്ചമർത്തുകയാണ്. കെന്നഡി ഈ ഏജൻസികളെ (ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്) ഗോൾഡ് സ്റ്റാൻഡേർഡ് സയന്റിഫിക് റിസർച്ചിന്റെയും, സുതാര്യതയുടെയും പാരമ്പര്യത്തിലേക്ക് പുനഃസ്ഥാപിക്കും. വിട്ടുമാറാത്ത  പകർച്ചവ്യാധികൾ അവസാനിപ്പിക്കുകയും, അമേരിക്കയെ വീണ്ടും മഹത്തരവും ആരോഗ്യകരമാക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റിക്‌ രാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ കുടുംബങ്ങളിലൊന്നിൽ നിന്നാണ് റോബർട്ട് എഫ് കെന്നഡി വരുന്നത്. യുഎസ് അറ്റോർണി ജനറൽ റോബർട്ട് എഫ് കെന്നഡിയുടെ മകനും മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ അനന്തരവനുമാണ് എഴുപതുകാരനായ റോബർട്ട് എഫ് കെന്നഡി. വർഷങ്ങളായി അമേരിക്കയിലെ വാക്‌സിൻ വിരുദ്ധരിലൊരാളാണ് കെന്നഡി. വാക്സിനുകളിൽ നിന്നാണ് ഓട്ടിസം ഉണ്ടാകുന്നതെന്ന് കെന്നഡി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം കെന്നഡിയുടെ നിയമനത്തിൽ, അദ്ദേഹത്തിന്റെ യോഗ്യതകൾ വിമർശിച്ചു കൊണ്ട് അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ്റെ (APHA) എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജസ് സി ബെഞ്ചമിൻ രംഗത്ത് വന്നു. കെന്നഡി ശരിക്കും ആരോഗ്യ മേഖലയുടെ പശ്ചാത്തലമില്ലാത്ത വ്യക്തിയാണ്, ഇതിനകം തന്നെ രാജ്യത്ത് ആരോഗ്യ മേഖലയ്ക്ക്  വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പരിശീലനമോ, വൈദഗ്ധ്യമോ കൊണ്ട് ഈ ജോലി ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനില്ല. കെന്നഡി ഈ സ്ഥാനം കൈകാര്യം ചെയ്യാൻ ഏറ്റവും അയോഗ്യനായ വ്യക്തിയാണെന്ന് ബെഞ്ചമിൻ പറഞ്ഞു. വാക്സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും ചോദ്യം ചെയ്യുന്ന കെന്നഡിയുടെ മുൻ അഭിപ്രായങ്ങളും ബെഞ്ചമിൻ ചൂണ്ടിക്കാട്ടി.



#Daily
Leave a comment