
200 തവണ പാമ്പുകടിയേറ്റ വ്യക്തിയില്‍ എല്ലാ പാമ്പ് വിഷങ്ങള്‍ക്കുമുള്ള ആന്റിബോഡി കണ്ടെത്തി
രണ്ട് ദശാബ്ദമായി സ്വയം ബോധപൂര്‍വം ശരീരത്തില്‍ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയും പാമ്പ് വിഷം കുത്തിവയ്ക്കുകയും ചെയ്ത യുഎസുകാരന്റെ ശരീരത്തില്‍ അസാധാരണമായ ആന്റിവെനം രൂപപ്പെട്ടുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
അമേരിക്കക്കാരനായ ടിം ഫ്രീഡിന്റെ രക്തത്തില്‍ മരണകാരണമായേക്കാവുന്ന തോതിലെ പാമ്പു വിഷത്തില്‍ നിന്നും രക്ഷിക്കുന്ന ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. എല്ലാതരം പാമ്പുകളുടെ വിഷത്തെയും ഈ ആന്റിബോഡികള്‍ പ്രതിരോധിക്കും. ഇപ്പോള്‍ ഏത് പാമ്പാണ് കടിച്ചതെന്ന് ഉറപ്പാക്കിയശേഷമാണ് കടിയേറ്റ വ്യക്തിക്ക് ഡോക്ടര്‍മാര്‍ ആ പാമ്പു വിഷത്തിനുള്ള ആന്റിവെനം കുത്തിവയ്ക്കുന്നത്.
ഫ്രീഡിന്റെ 18 വര്‍ഷത്തെ ദൗത്യം എല്ലാ പാമ്പുകടികള്‍ക്കും എതിരായ ഒരൊറ്റ ആന്റിവെനം കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. ഇയാള്‍ 200ല്‍ അധികം തവണ പാമ്പിനെ കൊണ്ട് ശരീരത്തില്‍ കടിപ്പിച്ചു. കൂടാതെ, ലോകത്തിലെ ഏറ്റവും മാരകമായ പാമ്പുകളായ മാമ്പകള്‍, രാജവെമ്പാല, എട്ടടി വീരന്‍ പോലെയുള്ളവയില്‍നിന്നും ശേഖരിച്ച വിഷം 700ല്‍ അധികം തവണ കുത്തിവയ്ക്കുകയും ചെയ്തു.
പാമ്പുകളെ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളില്‍നിന്നും സ്വന്തം ശരീരത്തെ സംരക്ഷിക്കുന്നതിനായി പ്രതിരോധശേഷി വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാരംഭ ലക്ഷ്യം. പരീക്ഷണങ്ങളെ യൂട്യൂബില്‍ ഡോക്യുമെന്റ് ചെയ്തു.
മുമ്പ് ട്രക്ക് മെക്കാനിക്കായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം വിഷമേറ്റ് കോമയിലായ സംഭവും ഉണ്ട്. തുടര്‍ച്ചയായി രണ്ട് രാജവെമ്പാലകളുടെ കൊത്തേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലായത്.
കുതിരകള്‍ പോലുള്ള മൃഗങ്ങളില്‍ പാമ്പ് വിഷം ചെറിയ ഡോസില്‍ കുത്തിവച്ചാണ് നിലവില്‍ ആന്റിവെനം നിര്‍മ്മിക്കുന്നത്. അവയില്‍ രൂപപ്പെടുന്ന ആന്റിബോഡികള്‍ ശേഖരിച്ചാണ് പാമ്പ് കടിയേറ്റുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
എന്നാല്‍, ഒരു പാമ്പിന്റെ വിഷം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന ആന്റിവെനം മറ്റൊരു പാമ്പിന്റെ വിഷത്തിന് മറുമരുന്നായി ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ കാണുന്ന പാമ്പുകളുടെ വിഷം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആന്റിവെനം ശ്രീലങ്കയില്‍ കാണുന്ന അതേയിനം പാമ്പിന്റെ കടിയേറ്റുള്ള ചികിത്സയില്‍ പോലും ഫലപ്രാപ്തി കുറവായിരിക്കും.
ഈ സാഹചര്യത്തിലാണ് എല്ലാ പാമ്പുകളുടെ വിഷത്തിനും ഒരൊറ്റ മറുമരുന്ന് പ്രധാനമാകുന്നത്.