TMJ
searchnav-menu
post-thumbnail

കെ സുധാകരൻ | PHOTO: WIKI COMMONS

TMJ Daily

പുരാവസ്തു തട്ടിപ്പ്: കെ സുധാകരന് മുന്‍കൂര്‍ ജാമ്യം; ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദേശം 

21 Jun 2023   |   2 min Read
TMJ News Desk

വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിനായി 23 ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്നും അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കാനാണു ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടത്. കേസില്‍ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാനാണ് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്. അറസ്റ്റു ചെയ്യാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങളുമായി സുധാകരന്‍

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സനൊപ്പമുള്ള ചിത്രങ്ങളും സുധാകരന്‍ കോടതിക്ക് കൈമാറി. ഡിജിപി അനില്‍ കാന്ത്, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ മോന്‍സനൊപ്പമുള്ള ചിത്രങ്ങളാണ് സുധാകരന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇവര്‍ മോന്‍സന്റെ അടുത്ത ബന്ധക്കാരും വീട്ടിലെ സ്ഥിരം സന്ദര്‍ശകരുമാണെന്നും സുധാകരന്‍ കോടതിയെ അറിയിച്ചു.

തെളിവുകളില്‍ ഉറച്ച് ക്രൈംബ്രാഞ്ച് 

കേസില്‍ സുധാകരനെതിരെ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നത്. എഫ്‌ഐആറില്‍ തനിക്കെതിരെ ആരോപണങ്ങളുണ്ടാകാതിരുന്നിട്ടും കേസില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ 19 മാസത്തിനുശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

2021 സെപ്തംബര്‍ 23 നാണ് പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പരാതിക്കാരനായ അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളും കൈവശമുണ്ട്. അനൂപ് പണം നല്‍കിയത് 2018 നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. 

അനൂപും മോന്‍സണും സുധാകരനും ഒരുമിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 25 ലക്ഷം രൂപ അനൂപ് മോന്‍സന് നല്‍കി. അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയതായി മോന്‍സന്റെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ എണ്ണുന്ന മോന്‍സന്റെ ജീവനക്കാരുടെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ടെന്നാണ് വിവരം.

പുരാവസ്തു വില്‍പ്പനക്കാരനെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിലാണ് മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായത്. ആ ഘട്ടത്തില്‍ കെ സുധാകരനൊപ്പമുള്ള മോന്‍സന്റെ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.


#Daily
Leave a comment