
ശ്രീലങ്കന്‍ പ്രസിഡന്റായി അനുര കുമാര ദിസനായകെ അധികാരമേറ്റു
ശ്രീലങ്കന്‍ പ്രസിഡന്റായി കമ്മ്യൂണിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ അധികാരമേറ്റു. നാഷണല്‍ പീപ്പിള്‍സ് പവര്‍ പാര്‍ട്ടി നേതാവായ ദിസനായകെ 42.3 ശതമാനം വോട്ടിനാണ് വിജയിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റായാണ് ദിസനായകെ അധികാരമേല്‍ക്കുന്നത്.
ബാലറ്റ് തെരഞ്ഞെടുപ്പില്‍ ആദ്യ തവണ വോട്ടെണ്ണിയപ്പോള്‍ ഒരു സ്ഥാനാര്‍ത്ഥിയും വിജയിക്കാനാവശ്യമായ 50 ശതമാനം വോട്ടുകള്‍ നേടിയിരുന്നില്ല. തുടര്‍ന്ന് രണ്ടാം മുന്‍ഗണനാ വോട്ടെണ്ണലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. 2022 ല്‍ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ദിസനായകെ തന്നെയാണ് മുന്നിട്ടുനിന്നത്.
കൊളംബോയിലെ കേളനിയ സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ദിസനായകെ പൊതുരംഗത്ത് സജീവമാകുന്നത്. 80 കളുടെ അവസാനകാലഘട്ടത്തില്‍ സര്‍ക്കാര്‍ വിരുദ്ധ സായുധ പോരാട്ടങ്ങളോട് ഐക്യപ്പെട്ട് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയായ ജനതാ വിമുക്തി പെരുമന എന്ന ജെവിപിയിലേക്കും എത്തി. മൂന്ന് വര്‍ഷം കൊണ്ട് പോളിറ്റ് ബ്യൂറോയിലേക്കും 2000 ത്തോടെ പാര്‍ലമെന്റിലേക്കും ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടു.