TMJ
searchnav-menu
post-thumbnail

അനുരാഗ് ഠാക്കൂർ

TMJ Daily

ഏഷ്യന്‍ ഗെയിംസ്: അരുണാചലില്‍ നിന്നുള്ള താരങ്ങളെ വിലക്കി ചൈന; സന്ദര്‍ശനം റദ്ദാക്കി കേന്ദ്രമന്ത്രി

22 Sep 2023   |   2 min Read
TMJ News Desk

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ചൈന സന്ദര്‍ശനം റദ്ദാക്കി. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ചൈന പ്രവേശനം വിലക്കിയ സാഹചര്യത്തിലാണ് നടപടി. ഇന്ത്യന്‍ വുഷു താരങ്ങളായ നെയ്മാന്‍ വാങ്‌സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവര്‍ക്കാണ് ചൈനയിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ശനിയാഴ്ചയാണ് ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനം. ഒക്‌ടോബര്‍ എട്ടിന് ഗെയിംസ് സമാപിക്കും. 

അരുണാചല്‍ പ്രദേശ് തങ്ങളുടെ പ്രദേശമാണെന്ന അവകാശവാദമുയര്‍ത്തിയാണ് ചൈന വിസ നിഷേധിച്ചത്. ടീമിലെ മറ്റ് ഏഴംഗങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കിയിരുന്ന ചൈന അരുണാചല്‍ പ്രദേശിലെ കായിക താരങ്ങള്‍ക്ക് മാത്രം വിസ നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. 

ആവേശം കെടുത്തുന്ന നടപടി

'ചൈനയിലെ ഹാങ്ഷൂവില്‍ നടക്കുന്ന 19-ാംമത് ഏഷ്യന്‍ ഗെയിംസിലേക്കുള്ള അക്രഡിറ്റേഷനും വിസയും നിഷേധിച്ച് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ചില ഇന്ത്യന്‍ കായികതാരങ്ങളോട് ചൈനീസ് അധികൃതര്‍ വിവേചനം കാണിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ചൈനയുടെ മനഃപൂര്‍വമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസിന്റെ ആവേശം കെടുത്തുമെന്നും വിദേശകാര്യ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവേശനം നിഷേധിച്ച മൂന്നു കായികതാരങ്ങളും നിലവില്‍ ഡല്‍ഹിയിലെ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഹോസ്റ്റലിലാണ്. വിഷയത്തില്‍ ഏഷ്യന്‍ ഗെയിംസ് സംഘാടകരോടും ഏഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിനോടും ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. 

ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ എല്ലാ രാജ്യത്തെയും താരങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും നിയമപരമായ രേഖകളുള്ള എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്നുമാണ് വിവാദത്തില്‍ ചൈനയുടെ പ്രതികരണം. അരുണാചല്‍ പ്രദേശ് എന്നു വിളിക്കപ്പെടുന്ന സ്ഥലം അറിയില്ലെന്നും ദക്ഷിണ ടിബറ്റ് എന്നറിയപ്പെടുന്ന മേഖല തങ്ങളുടെ അതിര്‍ത്തിപ്രദേശമാണെന്നുമാണ് ചൈനയുടെ വാദം. 

കഴിഞ്ഞമാസം ചൈനീസ് സര്‍ക്കാര്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനവും കിഴക്കന്‍ ലഡാക്കിലെ അക്‌സായി ചിന്‍ മേഖലയും അതിന്റെ അതിര്‍ത്തിക്കുള്ളില്‍ ഉള്‍പ്പെടുത്തി പുതിയ മാപ്പും പുറത്തിറക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ഏപ്രിലില്‍ അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ നല്‍കി. ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ 'ടിബറ്റിന്റെ തെക്കന്‍ ഭാഗമായ സാങ്‌നാന്‍' എന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനയുടെ ക്യാബിനറ്റായ സ്‌റ്റേറ്റ് കൗണ്‍സില്‍ പുറപ്പെടുവിച്ച പേരുകള്‍ ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ എന്നീ ഭാഷകളിലുള്ള അക്ഷരങ്ങളിലൂടെ ചൈനീസ് ആഭ്യന്തരകാര്യ മന്ത്രാലയമാണ് നേരത്തെ പ്രസിദ്ധീകരിച്ചത്. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് ജനവാസ മേഖലകള്‍, അഞ്ച് പര്‍വതശിഖരങ്ങള്‍, രണ്ട് നദികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സ്ഥലപ്പട്ടിക. ഇത് മൂന്നാം തവണയാണ് അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈന പേരുകള്‍ നല്‍കുന്നത്. 2017 ല്‍ ആറ് സ്ഥലങ്ങള്‍ക്കും 2021 ല്‍ 15 സ്ഥലങ്ങള്‍ക്കും ചൈനീസ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ പേര് നല്‍കിയിരുന്നു.

#Daily
Leave a comment