
ഡല്‍ഹിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചു; 3 മരണം
ഡല്‍ഹിയിലെ ദ്വാരക പ്രദേശത്തെ ഏഴാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ പിതാവും രണ്ട് കുട്ടികളും മരിച്ചു. രക്ഷപ്പെടാനായി ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടിയാണ് ഇവർ മരിച്ചതെന്നാണ് റിപ്പോർട്ട്.
പത്ത് വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് മരിച്ചത്. തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരട്ട സഹോദരങ്ങളും ഇവരുടെ പിതാവ് യാഷ് യാദവും ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീ വ്യാപിച്ചതോടെ കുട്ടികളാണ് ബാല്‍ക്കണിയില്‍ നിന്ന് ആദ്യം താഴേക്ക് ചാടിയതെന്നാണ് വിവരം.
എട്ട് അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫ്‌ലാറ്റിലെ എല്ലാ താമസക്കാരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിരത പരിശോധിക്കാന്‍ ഡല്‍ഹി വികസന അതോറിറ്റിയെയും (ഡിഡിഎ) ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെയും (എംസിഡി) ചുമതലപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.


