
ആപ്പിള്‍ സിരി സ്വകാര്യ സംഭാഷണം ചോര്‍ത്തി; 95 മില്ല്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പിന് കമ്പനി
സിരി വോയ്‌സ് അസിസ്റ്റന്റ് ഉപയോക്താവിന്റെ സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും അത് ആ ഉപയോക്താവിനെ പരസ്യം കാണിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തുവെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ 95 മില്ല്യണ്‍ ഡോളര്‍ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചു. ആപ്പിളിന്റെ പരസ്യ ബിസിനസിന് വോയ്‌സ് അസിസ്റ്റന്റ് സാങ്കേതിക വിദ്യയും വിവര ശേഖരണവും എത്രമാത്രം അത്യാവശ്യമാണെന്ന് കാണിക്കുന്ന സംഭവമാണിത്.
തങ്ങള്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ എയര്‍ ജോര്‍ദാന്‍, ഒലിവ് ഗാര്‍ഡന്‍, ഒരു ശസ്ത്രക്രിയ എന്നിവയെ കുറിച്ച് സംസാരിച്ചതിനുശേഷം ഇവയുടെ പരസ്യങ്ങള്‍ ലഭിച്ചു തുടങ്ങിയെന്ന് പരാതിക്കാര്‍ പറയുന്നു. പരാതിക്കാര്‍ ഹേയ് സിരി എന്ന് പറഞ്ഞു കൊണ്ട് സിരിയോട് ആരംഭിക്കാത്ത ഒരു സ്വകാര്യ സംഭാഷണം ആണ് സിരി റെക്കോര്‍ഡ് ചെയ്തതും പിന്നീട് ആപ്പിള്‍ പരസ്യം കാണിക്കാനായി ഉപയോഗിച്ചതും.
കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡിലെ ഫെഡറല്‍ കോടതിയില്‍ ആണ് ഒത്തുതീര്‍പ്പ് ഉണ്ടായത്. യുഎസ് ഡിസ്ട്രിക്ട് ജഡ്ജിയുടെ അന്തിമാനുമതി കൂടി വേണം. അനുമതി ലഭിക്കുമ്പോള്‍ സിരി ഉപയോക്താക്കള്‍ക്ക് 2014 സെപ്തംബര്‍ 17 മുതല്‍ 2024 ഡിസംബര്‍ 31 വരെ വാങ്ങിയ ഓരോ സിരി-അധിഷ്ഠിത ഉപകരണങ്ങള്‍ക്കും 20 ഡോളര്‍ വരെ നഷ്ടപരിഹാരം ആവശ്യപ്പെടാം. പരമാവധി അഞ്ച് ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.
യുഎസില്‍ 77.6 മില്ല്യണ്‍ സിരി വോയ്‌സ് അസിസ്റ്റന്റ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. എന്തെങ്കിലും തെറ്റ് ചെയ്തതായി ആപ്പിള്‍ സമ്മതിച്ചില്ല. പക്ഷേ, ഒത്തുതീര്‍പ്പിന് തയ്യാറായി.


