ഡോ. പ്രിയ വര്‍ഗീസ് | PHOTO: FACEBOOK
പ്രിയ വര്‍ഗീസിനെ നിയമിക്കാം; കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം
പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ നിയമോപദേശം. ഹൈക്കോടതിയുടെ ഉത്തരവോടെ ഗവര്‍ണറുടെ സ്‌റ്റേ നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് ഉടന്‍ സര്‍വകലാശാല പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐവി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റിയാണ് സര്‍വകലാശാല നിയമോപദേശം തേടിയത്. കോടതി ഉത്തരവ് രേഖാമൂലം ഗവര്‍ണറെ അറിയിക്കണം. അതിനുശേഷം നിയമന നടപടികളുമായി സര്‍വകലാശാലയ്ക്ക് മുന്നോട്ടുപോകാമെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നിര്‍ദേശം. നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കില്‍ മാത്രമേ ചാന്‍സലര്‍ക്ക് ഇടപെടാന്‍ കഴിയൂ. യൂണിവേഴ്‌സിറ്റി ആക്ട് സെക്ഷന്‍ 7 പ്രകാരം ഇതിന് ചാന്‍സലര്‍ക്ക് അധികാരമുണ്ട്. നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാന്‍സലറെ അറിയിച്ച് നടപടികള്‍ തുടങ്ങാമെന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ പറഞ്ഞു.
വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ച് കോടതി
സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്. കണ്ണൂര്‍ വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കേറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, യുജിസി മാനദണ്ഡപ്രകാരം എട്ടുവര്‍ഷത്തെ അധ്യാപനപരിചയമാണ് വേണ്ടതെന്നും അതുമറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വകലാശാലയുടെ റാങ്കു പട്ടിക റദ്ദാക്കി. പിന്നീട്, അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ചപറ്റി എന്നാരോപിച്ചുകൊണ്ട് പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു. യോഗ്യത തീരുമാനിക്കേണ്ടത് വിദഗ്ധ സമിതിയാണെന്നും യു ജി.സിയുടെ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് സര്‍വിസ് ഡയറക്ടര്‍ സേവനകാലയളവും അധ്യാപക പരിചയത്തില്‍ കണക്കാക്കാനാവില്ലെന്ന സിംഗിള്‍ബെഞ്ച് നിരീക്ഷണം വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ വര്‍ഗീസ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്‍പ്രകാരം, യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ചപറ്റിയെന്നാണ് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയത്.
താല്‍കാലിക റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരിയായ പ്രിയയ്ക്ക് യുജിസി ചട്ട പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ മലയാളം അധ്യാപകന്‍ ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നവംബര്‍ 17ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നത്. എന്നാലിത് തള്ളിക്കൊണ്ടായിരുന്നു പ്രിയ വര്‍ഗിസിന് അനുകൂലമായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് ഹര്‍ജിക്കാരനായ ഡോ. ജോസഫ് സ്‌കറിയ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അഭിമുഖം നടത്തിയത്. സര്‍വകലാശാല നിശ്ചയിച്ച വിദഗ്ധ സമിതിയാണ് അഭിമുഖം നടത്തിയത്. എന്നാല്‍ ഏഴുമാസത്തോളം റാങ്ക് ലിസ്റ്റ് പുറത്തുവന്നില്ല. അതിവേഗം അഭിമുഖമടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും റാങ്ക് പട്ടിക ഏഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സര്‍വകലാശാല വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
വിവാദമായി നിയമനം
തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ അധ്യാപികയായിരുന്ന പ്രിയ വര്‍ഗീസ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചട്ടം മറികടന്നാണ് എന്നതാണ് ഉയര്‍ന്നുവന്ന ആരോപണം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം അവര്‍ക്ക് ഇല്ല എന്നതാണ് ആദ്യം ഉയര്‍ന്ന ആക്ഷേപം.
എട്ടുവര്‍ഷം അധ്യാപന പരിചയമാണ് റഗുലേഷന്‍ പ്രകാരം ആവശ്യം. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം പ്രിയ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ ഡയറക്ട് ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ട് വര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് യൂണിവേഴ്‌സിറ്റി അവരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഇന്റര്‍വ്യൂവിന് വിളിക്കുകയും ചെയ്തത്. 2021 നവംബര്‍ 18-ന് നടന്ന ഇന്റര്‍വ്യൂവില്‍ അവര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തുടര്‍ന്ന് അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ജൂണ്‍ 27-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തു.
ഗവേഷണ കാലവും സ്റ്റുഡന്റ്‌സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചു വര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ എന്ന സംഘടന രംഗത്തുവന്നതോടെയാണ് വിഷയം ആദ്യം വിവാദമാകുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഭരണകക്ഷിയുടെ പ്രമുഖ നേതാവ് എന്നീ നിലകളില്‍ കെ.കെ. രാഗേഷിനുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങളെ അട്ടിമറിച്ചാണ് പ്രിയ വര്‍ഗീസിന്റെ നിയമനമെന്നും, യൂണിവേഴ്‌സിറ്റി വി.സി ഗോപിനാഥ് രവീന്ദ്രന്‍ അതിന് ഒത്താശ ചെയ്‌തെന്നുമാണ് ആരോപണം. ഗോപിനാഥ് രവീന്ദ്രന് വി.സി ആയി പുനര്‍ നിയമനം നല്‍കിയതിനു പിന്നില്‍ ഇത്തരം രാഷ്ട്രീയ സ്വാധീനങ്ങളാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.