PHOTO: WIKI COMMONS
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം: നിയമഭേദഗതി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന കൊളീജിയത്തില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ സ്‌റ്റേ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
പുതിയ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയായ അധികാര വികേന്ദ്രീകരണത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഭരണഘടനയുടെ 14, 21, 50, 324 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന സമിതിയാകും ഇനി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുക. പാനലില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കുകയായിരുന്നു. തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2023 മാര്‍ച്ചിലെ സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ് മറികടക്കുന്ന ബില്ലാണ് ലോക്സഭ പാസാക്കിയത്. നേരത്തെ രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു.
നിഷ്പക്ഷതയെ തകര്‍ക്കും
സര്‍ക്കാര്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കുന്നരീതി അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒപ്പം പ്രതിപക്ഷ നേതാവുമടങ്ങിയ സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടത് എന്ന് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് ബില്‍ പാസാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി രാഷ്ട്രപതി നിയമിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കുന്നതുവരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാമെന്ന് കോടതി നിര്‍ദേശവും നല്‍കിയിരുന്നു. മന്ത്രിസഭയുടെ രാഷ്ട്രീയ തീരുമാനത്തിനു പകരം കൊളീജിയം മാതൃകയില്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്.
എന്നാല്‍ സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയതോടെ കേന്ദ്ര സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സമിതിയാകും ഇനി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ടതാണ് പാസാക്കിയ പുതിയ ബില്‍. ഡിസംബര്‍ 12 നായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്.