
കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജ്ജം പകർന്ന് എ ആർ റഹ്മാൻ 30 മിനിറ്റ് പ്രകടനം നടത്തും
ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി കമല ഹാരിസിനെ പിന്തുണച്ച് ഇതിഹാസ സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ 30 മിനിറ്റ് വീഡിയോ. കമല ഹാരിസിന്റെ ചരിത്രപരമായ സ്ഥാനാർത്ഥിത്വവും, ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ (എഎപിഐ ) സമൂഹത്തോടുള്ള പ്രതിജ്ഞാ ബദ്ധതയും ഉയർത്തിക്കാട്ടുന്ന സന്ദേശങ്ങൾക്കൊപ്പം റഹ്മാന്റെ ഏറ്റവും പ്രിയപ്പെട്ട ചില ഗാനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് നവംബർ അഞ്ചിലെ യുഎസ് തിരഞ്ഞെടുപ്പിൽ വലിയ ഊർജ്ജമേകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യൻ, ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ പിന്തുണച്ച ദക്ഷിണേഷ്യയിൽ നിന്നുള്ള ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കലാകാരനാണ് 57 കാരനായ റഹ്മാൻ.
ഈ പ്രകടനത്തിലൂടെ, അമേരിക്കയിലെ പുരോഗതിക്കും പ്രാതിനിധ്യത്തിനും വേണ്ടി നിലകൊള്ളുന്ന നേതാക്കളുടെയും, കലാകാരന്മാരുടെയും കൂട്ടത്തിൽ എ ആർ റഹ്മാൻ തന്റെ ശബ്ദം ചേർത്തു എന്ന് എഎപിഐ വിക്ടറി ഫണ്ട് ചെയർമാൻ ശേഖർ നരസിംഹൻ പറഞ്ഞു.
ഇത് ഒരു സംഗീത പരിപാടി മാത്രമല്ല. നമ്മൾ കാണാൻ ആഗ്രഹിക്കുന്ന, ഭാവിയിലേക്ക് ഇടപഴകാനും വോട്ടുചെയ്യാനും വേണ്ടിയുള്ള നമ്മുടെ സമൂഹത്തിനുള്ള ആഹ്വാനമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള ദക്ഷിണേഷ്യൻ വോട്ടർമാർക്കിടയിൽ കമല ഹാരിസിനുള്ള പിന്തുണ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, എഎപിഐ വിക്ടറി ഫണ്ടിന്റെ യൂട്യൂബിലും, എവിഎസ്, ടിവി ഏഷ്യ എന്നിവയുൾപ്പെടെയുള്ള പ്രധാന ദക്ഷിണേഷ്യൻ നെറ്റ്‌വർക്കുകളിലും റഹ്‌മാന്റെ പ്രകടനം പ്രക്ഷേപണം ചെയ്യും.
എഎപിഐ വിക്ടറി ഫണ്ട് യൂട്യൂബിൽ ഇതിന്റെ ഒരു ടീസർ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഇന്ത്യാസ്പോറ സ്ഥാപകൻ എം ആർ രംഗസ്വാമിയും പ്രകടനത്തിന് തയ്യാറെടുക്കുന്നത് കാണാം.