
ഗാസയില്‍ നിന്നും പാലസ്തീന്‍കാരെ മാറ്റി പാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം അറബ് രാജ്യങ്ങള്‍ തള്ളി
പാലസ്തീന്‍കാരെ ഗാസയില്‍ നിന്നും സമീപ രാജ്യങ്ങളായ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും മാറ്റി പാര്‍പ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ അറബ് രാജ്യങ്ങള്‍ തള്ളി.
ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും പാലസ്തീന്‍കാരെ മാറ്റിപാര്‍പ്പിക്കുന്നതിന് എതിരെയുള്ള പ്രസ്താവനയില്‍ അറബ് രാജ്യങ്ങളായ ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം പാലസ്തീന്‍ അതോറിറ്റിയും അറബ് ലീഗും ഒപ്പുവച്ചു.
ഇസ്രായേല്‍ യുദ്ധത്തില്‍ തകര്‍ത്ത ഗാസയില്‍ നിന്നും പാലസ്തീന്‍കാരെ ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും മാറ്റിപാര്‍പ്പിച്ചശേഷം ഗാസ പൂര്‍ണമായും ശുദ്ധീകരിക്കണമെന്ന് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഗാസയിലെ വീടുകള്‍ പൂര്‍ണമായും ഇസ്രായേല്‍ തകര്‍ത്തിരുന്നു. 2.3 മില്ല്യണ്‍ വരുന്ന ഗാസയിലെ ജനതയെ മാറ്റിപ്പാര്‍പ്പിക്കുന്നത് താല്‍ക്കാലികത്തേക്ക് അല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് ആകാമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. യുദ്ധ സമയത്ത് ഇസ്രായേല്‍ ഉദ്യോഗസ്ഥരും സമാനമായ ആവശ്യം മുന്നോട്ടുവച്ചിരുന്നു.
ഹമാസുമായുള്ള 15 മാസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ പൂര്‍ണമായും ഗാസയെ തകര്‍ത്തിരുന്നു. നിലവില്‍ വളരെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ നിലനില്‍ക്കുകയാണ്.
എന്നാല്‍ ഗാസക്കാരെ മാറ്റി പാര്‍പ്പിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും സംഘര്‍ഷം വ്യാപിക്കാനുള്ള സാധ്യത ഉണ്ടെന്നും സമാധാനത്തിന്റേയും ജനങ്ങള്‍ ഒരുമിച്ച് വസിക്കുന്നതിന്റേയും സാധ്യതകള്‍ ഇല്ലാതാക്കുമെന്നും അറബ് രാജ്യങ്ങളുടെ പ്രസ്താവന പറയുന്നു. കെയ്‌റോയില്‍ അറബ് രാജ്യങ്ങളുടെ യോഗത്തിനുശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്.