അരവിന്ദ് കെജ്‌രിവാൾ
കെജ്‌രിവാളിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു, വിചാരണ കോടതിയില്‍ ഹാജരാക്കും
മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് വിചാരണ കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ കപില്‍ രാജിന്റെ നേതൃത്വത്തില്‍ കെജ്‌രിവാളിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇന്നലെ രാത്രി 7.05 നാണ് കെജ്‌രിവാളിന്റെ സിവില്‍ ലെയ്ന്‍സിലെ വസതിയില്‍ ഇഡി എത്തുന്നത്. ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന്‌ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 11.10 ന് ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. അന്വേഷണ ഏജന്‍സിയുടെ ഒന്നിലധികം സമന്‍സുകളില്‍ ഹാജരാകാത്തതിന് പിന്നാലെയാണ് ഇഡിയുടെ അറസ്റ്റ്.
ഡല്‍ഹിയില്‍ പ്രതിഷേധം രൂക്ഷം
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം. ബിജെപി ആസ്ഥാനത്തേക്ക് എഎപി പ്രതിഷേധ മാര്‍ച്ച് നടത്തും. ഡല്‍ഹിയിലെ എഎപി ഓഫീസിലും പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തെ തുടര്‍ന്ന് ബിജെപി ഓഫീസ് പരിസരത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍
കെജ്‌രിവാളിന് പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കെജ്‌രിവാളിന്റെ കുടുംബത്തെ സമീപിച്ച് നിയമ സഹായം വാഗ്ദാനം ചെയ്തു. ഒരു മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്ന് എഎപി മന്ത്രി അതിഷി അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അതിഷി പ്രതികരിച്ചു.