ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ | PHOTO: FACEBOOK
പൗരത്വ ഭേദഗതി നിയമത്തിന്റെ നിഗൂഢത തിരിച്ചറിഞ്ഞ് ഒരുമിച്ച് പോരാടണമെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ
പൗരത്വ നിയമഭേദഗതിയിലെ നിഗൂഢതകള്‍ തിരിച്ചറിയണമെന്നും അനീതികള്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്നും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. മതാധിപത്യ സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമമെന്നും ഈ വിഷയത്തില്‍ സഹോദരന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണമെന്നും തോമസ് ജെ.നെറ്റോ പറഞ്ഞു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ദുഖഃവെള്ളി സന്ദേശം നല്‍കിക്കൊണ്ടായിരുന്നു പരാമര്‍ശം. രാജ്യത്ത് ആരെങ്കിലും ഭയപ്പെട്ട് ജീവിക്കുന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ പരാജയമാണെന്നും തോമസ് ജെ.നെറ്റോ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കണം
ഭരണഘടന ഉറപ്പ് നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കണം, മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ അതിക്രമം നേരിടുകയാണ്, എന്നാല്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും ജെ.നെറ്റോ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കേണ്ടതാണെന്നും അഭിപ്രായങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തണമെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചു. മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ദുഖഃവെള്ളി ദിനത്തില്‍ നല്‍കിയ സന്ദേശവും ശ്രദ്ധേയമായി.