
യുഎസിന്റെ റഷ്യന്‍ ഉപരോധങ്ങളുടെ ശില്‍പിക്ക് അഴിമതിക്കേസില്‍ തടവ് ശിക്ഷ
റഷ്യയ്ക്കുമേലുള്ള യുഎസിന്റെ കടുത്ത ഉപരോധങ്ങളുടെ ശില്‍പിയായ മുന്‍ യുഎസ് സെനറ്റര്‍ ബോബ് മെനെന്‍ഡെസിനെ അഴിമതിക്കേസില്‍ 11 വര്‍ഷം തടവിന് ശിക്ഷിച്ചു. കൂടാതെ, ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നിയമവിരുദ്ധമായ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന കുറ്റവും ബോബിനെതിരെ തെളിഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് ന്യൂജഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്ററായ ബോബിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഒരു മാസം കഴിഞ്ഞപ്പോള്‍ പുറത്താക്കപ്പെടുമെന്ന അവസ്ഥയില്‍ ഇയാള്‍ രാജിവച്ചു.
മുമ്പ് സെനറ്റിന്റെ വിദേശ കാര്യ കമ്മിറ്റിയുടെ തലവനായിരുന്ന ബോബ് റഷ്യയുടെ മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി വാദിച്ച വ്യക്തിയാണ്. ഗോള്‍ഡന്‍ ബാര്‍ ബോബ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
അഴിമതി, തട്ടിപ്പ്, ചതി എന്നിവയില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെട്ടു പോകാന്‍ കഴിയുമെന്ന വിശ്വാസം പൊതുജനങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് യുഎസ് ജില്ലാ ജഡ്ജി സിഡ്‌നി സ്റ്റെയ്ന്‍ ശിക്ഷ വിധിച്ചു കൊണ്ട് പറഞ്ഞു. നിങ്ങളെ ഇതിലേക്ക് നയിച്ചത് എന്താണെന്ന് എനിക്കറിയില്ലെന്നും സിഡ്‌നി കൂട്ടിച്ചേര്‍ത്തു. നിങ്ങളത് സമയമെടുത്ത് കണ്ടെത്താമെന്നും ജഡ്ജി പറഞ്ഞു.
അധികാരത്തിന്റെ അസാധാരണമായ ദുരുപയോഗത്തിനും പൊതുജന വിശ്വാസത്തിലുള്ള ചതിക്കുമുള്ള ശിക്ഷയായി 15 വര്‍ഷത്തെ തടവും ലക്ഷക്കണക്കിന് ഡോളര്‍ പിഴയും നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചിരുന്നു.
ഒരു വിദേശ സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിച്ചതിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ യുഎസ് സെനറ്ററാണ് ബോബ്.
2023 സെപ്തംബറിലാണ് ബോബിനെതിരെ ആദ്യമായി കുറ്റാരോപണം ഉണ്ടാകുന്നത്. തുടര്‍ന്ന് ബോബ് സെനറ്റിലെ ശക്തമായ വിദേശ കാര്യ കമ്മിറ്റിയുടെ തലവന്‍ സ്ഥാനമൊഴിഞ്ഞു. 2022 ഫെബ്രുവരിയില്‍ യുക്രെയ്‌നുമായുള്ള റഷ്യന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മോസ്‌കോയുടെ മേലുള്ള അമേരിക്കന്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ബോബ് പ്രധാന പങ്കുവഹിച്ചു.