TMJ
searchnav-menu
post-thumbnail

TMJ Daily

യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ അരീന സബലങ്ക-കൊക്കോ ഗൗഫ് പോരാട്ടം

08 Sep 2023   |   1 min Read
TMJ News Desk

യു.എസ് ഓപ്പണ്‍ 2023 വനിതാവിഭാഗം സിംഗിള്‍സിന്റെ ഫൈനല്‍ ലൈനപ്പായി. ഫൈനലില്‍ ബെലാറസ് താരം അരീന സബലങ്ക അമേരിക്കയുടെ കൗമാര താരമായ കൊക്കോ ഗൗഫിനെ നേരിടും. തന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ലക്ഷ്യമിട്ടാണ് അരീന സബലങ്ക ഇറങ്ങുന്നതെങ്കില്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിനാണ് പത്തൊമ്പതുകാരിയായ കൊക്കോ ഗൗഫ് ഇറങ്ങുന്നത്. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 10 നാണ് ഫൈനല്‍ പോരാട്ടം. നാളെ നടക്കുന്ന പുരുഷവിഭാഗം സെമിഫൈനലിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് യു.എസ് താരം ബെന്‍ ഷെല്‍ട്ടണെയും സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനേയും നേരിടും.

സെമിയില്‍ തിരിച്ച് വന്ന സബലേങ്ക

ആവേശകരമായ സെമിഫൈനല്‍ മത്സരത്തിലൂടെയാണ് സബലേങ്ക ഫൈനലിലേക്കെത്തുന്നത്. സെമിയില്‍ മാഡിസണ്‍ കീസിനെ 0-6,7-6(1),7-6(5) എന്നീ സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സബലേങ്ക ഈ വര്‍ഷത്തെ തന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനലിന് തയ്യാറെടുക്കുന്നത്. ആദ്യ സെറ്റില്‍ 0-6 എന്ന ദയനീയ സ്‌കോറിന് മാഡിസണ്‍ കീസിനോട് സബലേങ്ക പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ മികച്ച തിരിച്ചുവരവ് നടത്തി ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാര്‍ക്കറ്റ വാന്‍ഡ്രസൗവയെ പരാജയപ്പെടുത്തിയ കരുത്തിലാണ് കീസ് സെമിയില്‍ സബലേങ്കയെ നേരിടാനെത്തിയത്. ക്വാര്‍ട്ടറിലെ മികവ് കൃത്യമായി തുടരാന്‍ കീസിന് സാധിച്ചെങ്കിലും സബലേങ്കയുടെ തിരിച്ചുവരവിന്റെ മുന്നില്‍ പരാജയപ്പെടുകയായിരുന്നു. തന്റെ കരിയറിലെയും ഈ വര്‍ഷത്തെയും രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യം വച്ച് കൊണ്ടാണ് സബലേങ്ക ഫെനലിലിറങ്ങുക.
ലോക ഒന്നാം നമ്പര്‍ താരമായ അരിന സബലേങ്ക 2023 ല്‍ നടന്ന എല്ലാ മേജര്‍ ടൂര്‍ണ്ണമെന്റുകളുടെയും സെമിഫൈനലില്‍ പ്രവേശിച്ചിട്ടുമുണ്ട്.

ആദ്യ ഫൈനലിന് കൊക്കോ ഗൗഫ്

യു.എസ് ഓപ്പണ്‍ ഫൈനലിലെ അമേരിക്കന്‍ സാന്നിധ്യമാണ് പത്തൊമ്പതുകാരിയായ കൊക്കോ ഗൗഫ്. സെമിയില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ കരോലിന മുച്ചാവോയെ പരാജയപ്പെടുത്തിയാണ് കൊക്കോ ഗൗഫ് തന്റെ കന്നി യു.എസ് ഓപ്പണ്‍ ഫൈനലിന് തയ്യാറെടുക്കുന്നത്. 6-4,7-5 എന്ന സ്‌കോറിനാണ് ചെക്ക് റിപ്പബ്ലിക്ക് താരത്തെ കൊക്കോ ഗൗഫ് പരാജയപ്പെടുത്തിയത്. ഫൈനല്‍ പ്രവേശനത്തോടെ 1999-ന് ശേഷം യു.എസ് ഓപ്പണ്‍ ഫൈനലിനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗൗഫ് മാറി. കരിയറിലെ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാമാണ് ഈ യു.എസ് ഓപ്പണിലൂടെ ഗൗഫ് ലക്ഷ്യമിടുന്നത്.


#Daily
Leave a comment