PHOTO: X APP
നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജ്ജന്റീന ഒളിമ്പിക്‌സിലേക്ക്
2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍. ലാറ്റിനമേരിക്കന്‍ ഒളിമ്പിക്‌സ് യോഗ്യത റൗണ്ടില്‍ അര്‍ജ്ജന്റീനയോട് ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ബ്രസീല്‍ പുറത്തായത്. ഒരു ഗോള്‍ വിജയത്തോടെ അര്‍ജ്ജന്റീന ഗെയിംസിന് യോഗ്യത നേടുകയും ചെയ്തു. 77-ാം മിനുട്ടില്‍ ലൂസിയാനോ ഗൗണ്ടോ നേടിയ ഗോളിലാണ് അര്‍ജ്ജന്റീനയുടെ വിജയം.
ലാറ്റിനമേരിക്കയില്‍ നിന്ന് രണ്ട് ടീമുകളാണ് ഒളിമ്പിക്‌സിന് യോഗ്യത നേടുക. യോഗ്യത റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായി അര്‍ജ്ജന്റീന പാരീസിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ പരാഗ്വേയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അണ്ടര്‍ 23 ടീമുകളാണ് ഗെയിംസില്‍ പങ്കെടുക്കുക,യോഗ്യത റൗണ്ടില്‍ വെനസ്വലയോടും പരാഗ്വേയോടും സമനിലയിലായ അര്‍ജ്ജന്റീനയ്ക്ക് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാന്‍ ബ്രസീലിനോടുള്ള മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. അര്‍ജ്ജന്റീനയ്ക്ക് അഞ്ചും ബ്രസീലിന് മൂന്നും പോയിന്റാണുള്ളത്.
പുറത്തായത് കഴിഞ്ഞ നാല് ഒളിമ്പിക്‌സിലേയും മെഡല്‍ ജേതാക്കള്‍
ഒളിമ്പിക്‌സിന്റെ അവസാന രണ്ട് എഡിഷനുകളിലായി സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ കഴിഞ്ഞ നാല് എഡിഷനിലും മെഡല്‍ നേടിയവരാണ് ബ്രസീല്‍. 2004 ന് ശേഷം ആദ്യമായാണ് ബ്രസീലിന് യോഗ്യത ലഭിക്കാതിരിക്കുന്നത്.