
അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണം; പ്രത്യേക ജാഗ്രതാ സമിതി വേണമെന്നും ഹൈക്കോടതി
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയശേഷം പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു. വിഷയത്തിൽ വിദഗ്ദ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.
മദപ്പാടിലായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ആനയെ പിടികൂടുമ്പോൾ പടക്കം പൊട്ടിക്കുന്നതുൾപ്പെടെയുള്ള ആഘോഷങ്ങൾ കോടതി നിരോധിച്ചു.
അരിക്കൊമ്പനെ എന്തുകൊണ്ട് പറമ്പിക്കുളത്തേക്ക് മാറ്റുന്നു, പെരിയാർ ടൈഗർ റിസർവ് പറ്റില്ലേയെന്നും സമിതിയുടെ ശുപാർശകൾ പരിശോധിച്ച ശേഷം കോടതി ചോദിച്ചു. മദപ്പാടുള്ള ആനയെ എങ്ങനെ പറമ്പിക്കുളം വരെയെത്തിക്കുമെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ആവശ്യത്തിനുള്ള ഭക്ഷണം പറമ്പിക്കുളത്ത് ലഭ്യമാണെന്നും അവിടെയെത്തിക്കാൻ ആറ് മണിക്കൂർ മതിയാകുമെന്നും വിദഗ്ദ സമിതി വിശദീകരണം നല്കി.
വിഷയത്തിൽ, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാൻ പൊതുജനാഭിപ്രായം അറിയണമെന്നും സമഗ്രമായ പഠനം ആവശ്യമാണെന്നും കോടതി പരാമർശിച്ചു. അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷയമല്ല. 24 മണിക്കൂറും ജാഗ്രതയുള്ള സംവിധാനം വേണമെന്നും ആവശ്യമായ നടപടികൾ സർക്കാർ നേരത്തെ സ്വീകരിക്കേണ്ടതായിരുന്നെന്നും കോടതി വ്യക്തമാക്കി.
വെറ്റിനറി ഡോക്ടർമാരുമായി സമിതി അംഗങ്ങൾ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി ശുപാർശകൾ നല്കിയത്. അഞ്ചംഗ വിദഗ്ദ സമിതിയാണ് അരിക്കൊമ്പൻ വിഷയത്തിൽ ശുപാർശകൾ നല്കിയത്.