TMJ
searchnav-menu
post-thumbnail

TMJ Daily

കാടിറങ്ങി അരിക്കൊമ്പൻ, ഇടപെട്ട് തമിഴ്‌നാട് വനം വകുപ്പ്

27 May 2023   |   2 min Read
TMJ News Desk

നമേഖലയിൽ നിന്ന് അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ കമ്പം ടൗണിൽ എത്തി. നഗരപ്രദേശത്തു നിന്ന് ആനയെ മാറ്റാനുള്ള ശ്രമങ്ങൾ നടത്തുകയാണ് തമിഴ്‌നാട് വനം വകുപ്പ്. ടൗണിലെത്തിയ കൊമ്പൻ അഞ്ച് വാഹനങ്ങൾ തകർത്തു. ആനയെ കണ്ട് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയ ഒരാൾക്ക് പരിക്കു പറ്റിയിട്ടുണ്ട്. ദീർഘദൂരം സഞ്ചരിച്ചാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ എത്തിയത്. വനം വകുപ്പ് ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആന ഭീതി പരത്തിയ സാഹചര്യത്തിൽ മയക്കുവെടി വെക്കാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പനെ കാട്ടിലേക്ക് തിരിച്ചുവിടുന്നതിന് കുങ്കിയാനകളെ കമ്പത്തെത്തിക്കും. ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തി വഴിയാണ് അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. 

അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൽ ജോസ് കെ മാണി. വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും വിദേശത്ത് അടക്കം പരാജയപ്പെട്ട പരീക്ഷണമാണ് അരിക്കൊമ്പന്റെ കാര്യത്തിൽ നടത്തിയത് എന്നും ജോസ് കെ മാണി പ്രതികരിച്ചു. അതേസമയം, അരിക്കൊമ്പൻ കേരളത്തിലെ ജനവാസമേഖലയിലേക്ക് വന്നാൽ എന്തുനടപടി എടുക്കണമെന്ന് കോടതി നിർദേശ പ്രകാരം തീരുമാനിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ തമിഴ്‌നാടിന് ഉചിതമായ നടപടി സ്വീകരിക്കാം എന്നും മന്ത്രി അറിയിച്ചു.

മിഷൻ അരിക്കൊമ്പൻ

അരിക്കൊമ്പനെ പെരിയാർ വന്യജീവിസങ്കേതത്തിലെ ഉൾക്കാട്ടിൽ ഏപ്രിൽ നാലിനാണ് തുറന്നുവിട്ടത്. അരിക്കൊമ്പന്റെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. ചിന്നക്കനാലിൽ നിന്ന് ഏകദേശം 105 കിലോമീറ്റർ ദൂരെ, ജനവാസ മേഖലയ്ക്ക് 23 കിലോമീറ്റർ അകലെയായാണ് തുറന്നുവിട്ടത്. സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും ദുഷ്‌കരമായ ദൗത്യമായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റുക എന്നത്. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. 

ചിന്നക്കനാൽ മേഖലയിൽ ജനജീവിതം ആശങ്കയിലാക്കിയ ആനയാണ് അരിക്കൊമ്പൻ. റേഷൻ ഡിപ്പോയിൽ നിന്നും കടകളിൽ നിന്നും അരി തിന്നുന്നതിന്റെ പേരിലാണ് അരിക്കൊമ്പൻ എന്ന വിളിപ്പേര് വന്നത്. ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ ആളുകൾ അരിക്കൊമ്പന്റെ അക്രമണത്തിന് ഇരയായിട്ടുണ്ട്. ആനയെ മയക്കുവെടി വച്ച് പിടികൂടാൻ വനം വകുപ്പ് മാർച്ചിൽ തീരുമാനിച്ചിരുന്നു. ഇതിനെ എതിർത്തു കൊണ്ടാണ് മൃഗസംരക്ഷണ സംഘടന കൊടുത്ത ഹർജിയിൽ പ്രത്യേക സിറ്റിങ്ങ് നടത്തിയ കോടതി വനം വകുപ്പിന്റെ ദൗത്യത്തിന് സ്റ്റേ നൽകിയത്. മാർച്ച് 29-ാം തീയതി വരെ മയക്കുവെടി വയ്ക്കാൻ പാടില്ലെന്നും ആനയെ ട്രാക്കു ചെയ്യാമെന്നുമാണ് കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. 71 പേരടങ്ങുന്ന 11 ടീമുകൾ കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ കോടനാട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. കോടതി ഉത്തരവിൽ നാട്ടുകാരും ജനപ്രതിനിധികളും അസംതൃപ്തി പ്രകടിപ്പിക്കുകയും ചിന്നക്കനാൽ ശാന്തൻപാറ നിവാസികൾ അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്തു. മാർച്ച് 29 ന് അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് കോടതി പരാമർശിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും കോടതി ചോദിക്കുകയുണ്ടായി. അരിക്കൊമ്പന്റെ ആക്രമണം തടയാൻ അടിയന്തിരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക എന്നതാണെന്ന് വനംവകുപ്പ് വാദിച്ചു. വനംവകുപ്പിനു വേണ്ടി അഡീഷണൽ എ.ജി അശോക് എം ചെറിയാനായിരുന്നു ഹാജരായത്. ആനയെ പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് ഉൾവനത്തിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നും വനംവകുപ്പ് കോടതിയിൽ അന്ന് വ്യക്തമാക്കി. കാട്ടാനയെ പ്രദേശത്ത് നിന്ന് മാറ്റിയാൽ പ്രശ്‌നം തീരുമോ എന്ന് ചോദിച്ച കോടതി ആനയെ മാറ്റുന്നതിന് പകരം ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതാണ് നല്ലതെന്ന് പരാമർശിച്ചു. വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയെ വച്ച് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. പിന്നീട് വിഷയത്തിൽ വിദഗ്ധ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയശേഷം പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചത്.


#Daily
Leave a comment