TMJ
searchnav-menu
post-thumbnail

അർജുൻ റാം മേഘ്‌വാൾ | Photo: PTI

TMJ Daily

പകരക്കാരനായി അർജുൻ റാം മേഘ്‌വാൾ

19 May 2023   |   2 min Read
TMJ News Desk

കിരൺ റിജിജുവിന് പകരം അർജുൻ റാം മേഘ്‌വാൾ നിയമമന്ത്രിയായിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായാണ് കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്. ഭൗമശാസ്ത്ര മന്ത്രാലയത്തിലെ കാബിനറ്റ് മന്ത്രി പദവിയാണ് റിജിജുവിന് പുതുതായി ലഭിച്ചത്. 

2021 ലാണ് കിരൺ റിജിജു സ്വതന്ത്ര ചുമതലയുള്ള നിയമസഹമന്ത്രിയായി ചുമതലയേൽക്കുന്നത്. കേന്ദ്ര സർക്കാരും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം വഷളാവുന്നതിലേക്കാണ് റിജിജുവിന്റെ പിന്നീടുള്ള പ്രവർത്തനങ്ങൾ മാറിയത്്. സാമൂഹ്യമാധ്യമങ്ങളിൽ കൂടിയാണ് റിജിജു പലപ്പോഴും ബാലിശമായ പരാമർശങ്ങൾ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പരോക്ഷമായി വിമർശിച്ച് ആരാധകരുടെ കയ്യടി നേടി. കോടതിയുടെ ദീർഘ അവധിയെ ചോദ്യം ചെയ്യുക, ജഡ്ജി നിയമന വിഷയത്തിൽ സർക്കാർ നിലപാടുകൾ കോടതി പരസ്യപ്പെടുത്തിയതിനെ വിമർശിക്കുക, വിരമിച്ച ചില ജഡ്ജിമാർക്കെതിരെ ഇന്ത്യാ വിരുദ്ധസഖ്യത്തിൽ ഉൾപ്പെട്ടവരാണെന്ന് ആരോപിക്കുക തുടങ്ങിയ റിജിജുവിന്റെ പ്രവർത്തികളിൽ ജുഡീഷ്യറിക്ക് നീരസം ഉണ്ടായിരുന്നു. ജഡ്ജി നിയമനത്തിലെ റിജിജുവിന്റെ ഇടപെടലുകളാണ് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഈ കാരണങ്ങൾ കൊണ്ടാണ് റിജിജുവിനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. രവിശങ്കർ പ്രസാദിനെ മാറ്റിക്കൊണ്ടാണ് റിജിജുവിന് സ്ഥാനക്കയറ്റം നൽകിയിരുന്നത്. കാബിനറ്റ് പദവിയോടെ നിയമമന്ത്രിയാകുന്നതിന് മുൻപ് കിരൺ റിജിജു യുവജനക്ഷേമ, സ്‌പോർട്‌സ് സഹമന്ത്രിയായിരുന്നു.  

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ തീരുമാനം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ നിയമമന്ത്രിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കണക്കാക്കുന്നുവെന്നും പുതിയ നിയമമന്ത്രിയായി ചുമതലയേൽക്കുന്ന തന്റെ സഹപ്രവർത്തകന് എല്ലാവിധ ആശംസകളും നേരുന്നതായും കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു. രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവായ മേഘ്‌വാളിന്റെ പുതിയ നിയമനം രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ്. രാജസ്ഥാനിലെ ഒരിടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന മേഘ്‌വാൾ ഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിൽ നിന്ന് പ്രഥമിക വിദ്യാഭ്യാസം നേടുകയും ഭീനാസറിലെ ജവഹർ ജെയിൻ സെക്കൻഡറി സ്‌കൂളിൽ നിന്ന് സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. ബിക്കാനീറിലെ ശ്രീ ദുംഗർ കോളേജിൽ നിന്ന് എൽഎൽബി നേടുകയും ഫിലിപ്പീൻസ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി. 1999 ബാച്ച് ഐഎഎസ് ഓഫീസറായിരുന്നു മേഘ്‌വാൾ. 2009 ൽ ബിക്കാനീർ മണ്ഡലത്തിൽ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പാർലമെന്റിലേക്കെത്തുന്നത്. 2014 ലെ പൊതു തെരഞ്ഞെടുപ്പിൽ പതിനാറാം ലോക്‌സഭയിലേക്ക് ബിക്കാനീർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2019 ലും മോദി ഗവൺമെന്റിൽ മേഘ്‌വാളിന് മന്ത്രിസ്ഥാനം ലഭിച്ചു. 2013 ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.


#Daily
Leave a comment