TMJ
searchnav-menu
post-thumbnail

TMJ Daily

മണിപ്പൂരില്‍ ആയുധശേഖരം പിടികൂടി; വെടിവയ്പ്പില്‍ അഞ്ചുപേര്‍ക്ക് പരുക്ക് 

31 Aug 2023   |   2 min Read

ണിപ്പൂരിലെ പ്രശ്‌നബാധിത മേഖലകളില്‍ നിന്നും ആയുധങ്ങള്‍ പിടികൂടി. പടിഞ്ഞാറന്‍ ഇംഫാല്‍, തൗബാല്‍ ജില്ലകളിലെ വനമേഖലയില്‍ നിന്ന് അഞ്ച് അത്യാധുനിക തോക്കുകള്‍, 31 വ്യത്യസ്തതരം വെടിയുണ്ടകള്‍, 19 ബോംബുകള്‍, മൂന്നുപാക്കറ്റ് സ്‌ഫോടകവസ്തുക്കള്‍ എന്നിവയാണ് സംയുക്ത സുരക്ഷാസേന പിടികൂടിയത്. 

ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈന്യത്തിന്റെയും പോലീസിന്റെയും പക്കല്‍നിന്ന് കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കുന്നതിനായി കാങ്‌പോക്പി, തൗബാല്‍, ചുരാചന്ദ്പൂര്‍, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. 

പ്രശ്‌നബാധിത മേഖലകളില്‍ കര്‍ശനമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും വാഹനഗതാഗതം സുഗമമാക്കുന്നതിനായി സായുധസൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ താഴ്‌വരകളിലും മലയോര മേഖലകളിലും 130 ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും 1,646 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

വീണ്ടും സംഘര്‍ഷം 

മണിപ്പൂരിലെ വിവിധ ജില്ലകളില്‍ നടന്ന വെടിവയ്പ്പില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ബിഷ്ണുപൂരിലും സമീപ ജില്ലകളിലും സായുധ സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്. അതേസമയം, ബിഷ്ണുപൂര്‍ ജില്ലയിലെ നരന്‍സീന ഗ്രാമത്തില്‍ കുക്കി മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പ് തുടരുകയാണ്. കര്‍ഷകര്‍ക്കു നേരെ കഴിഞ്ഞദിവസം നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിനുഗെയ് മേഖലയില്‍ നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. സമാധാനം പുനഃസ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ പണിക്കിറങ്ങിയത്. കുക്കി വിഭാഗക്കാരാണ് വെടിയുതിര്‍ത്തതെന്നാണ് ആരോപണം. 

കേസുകള്‍ സിബിഐ അന്വേഷിക്കും

മണിപ്പൂര്‍ വംശീയകലാപവുമായി ബന്ധപ്പെട്ട 27 കേസുകള്‍ സിബിഐ ഏറ്റെടുത്തു. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. 19 കേസും സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആയുധമോഷണം, ഗൂഢാലോചന തുടങ്ങിയ കേസുകളിലും അന്വേഷണം നടത്തും. 

സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അടുത്തിടെ സുപ്രീംകോടതി അസമിലേക്കു മാറ്റിയിരുന്നു. വിചാരണ കോടതി ജഡ്ജിയെ തിരഞ്ഞെടുക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. പ്രതികളും ഇരകളായവരും മണിപ്പൂരില്‍ തുടരണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഐ അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികള്‍ അസമിലെ ഗുവാഹത്തിയിലേക്കു മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ തീരുമാനം. 

സംഘര്‍ഷ ബാധിതര്‍ക്ക് ഓണ്‍ലൈനായി മൊഴികള്‍ നല്‍കാമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡും ഓണ്‍ലൈനിലാണ് നടക്കുക. തിരിച്ചറിയല്‍ പരേഡ് നടക്കുമ്പോള്‍ മണിപ്പൂരിലെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിചാരണ സുഗമമാക്കുന്നതിനായി ഇന്റര്‍നെറ്റ് സൗകര്യവും മറ്റും ഉറപ്പാക്കാനും മണിപ്പൂര്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മണിപ്പൂരിലെ ഗോത്ര വിഭാഗത്തിന്റെ ഭാഷ അറിയാവുന്ന മജിസ്‌ട്രേറ്റുമാരെ വിചാരണ കോടതി ജഡ്ജിമാരായി തിരഞ്ഞെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.


#Daily
Leave a comment