
PHOTO | WIKI COMMONS
ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തണം; പ്രമേയം പാസാക്കി യുഎന്‍ മനുഷ്യാവകാശ സമിതി
ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്താന്‍ പ്രമേയം പാസാക്കി യുഎന്‍ മനുഷ്യാവകാശസമിതി. 28 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും ആറുരാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഇന്ത്യയടക്കം 13 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്യുന്ന ആയുധങ്ങള്‍ പലസ്തീന് നേരെ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും, ആയുധ കയറ്റുമതി നിരീക്ഷിക്കാനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അടിയന്തരവെടിനിര്‍ത്തല്‍, ഗാസയിലേക്ക് വേണ്ട മാനുഷികസഹായങ്ങള്‍ എത്തിക്കല്‍, ഇസ്രയേലിന്റെ സമ്പൂര്‍ണ ഉപരോധം പിന്‍വലിക്കല്‍ തുടങ്ങിയ ആവശ്യങ്ങളും പ്രമേയം ഉന്നയിക്കുന്നുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമാണെന്നും പ്രമേയത്തില്‍ പറയുന്നു.
വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഇസ്രയേല്‍ ആക്രമണം
ഗാസയില്‍ ഭക്ഷണമെത്തിക്കുന്ന സന്നദ്ധ സംഘടനയായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ഏഴ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ കുറ്റസമ്മതം നടത്തിയിരുന്നു. സംഭവിച്ചത് ഗുരുതര പിഴവാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനാ തലവന്‍ ഹെര്‍സി ഹാലെവി എക്സില്‍ കുറിക്കുകയായിരുന്നു. രാത്രിയില്‍ ആളുകളെ തിരിച്ചറിയുന്നതില്‍ സംഭവിച്ച പിഴവാണെന്നും സേനാ തലവന്‍ ന്യായീകരിച്ചു.
വേള്‍ഡ് സെന്‍ട്രല്‍ കിച്ചണില്‍ ജോലി ചെയ്യുന്ന ഏഴ് പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടല്‍വഴി വന്ന 100 ടണ്ണിലധികം ഭക്ഷണ സാധനങ്ങള്‍ ഇറക്കിയ ശേഷം ഡീല്‍ അല്‍ ബാലഹിലെ വെയര്‍ ഹൗസില്‍ നിന്ന് തിരിച്ചുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഏഴ് പ്രവര്‍ത്തകര്‍ അടങ്ങിയ വാഹനത്തെ ഇസ്രയേല്‍ മനപൂര്‍വ്വം നശിപ്പിക്കുകയായിരുന്നുവെന്നും സന്നദ്ധ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പൊറുക്കാനാവില്ലെന്നും ഡബ്ല്യു.സി.കെ സിഇഒ എറിന്‍ ഗോറി പ്രതികരിച്ചു.
സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഓസ്ട്രേലിയ, യുകെ, അമേരിക്ക, സ്പെയിന്‍, പോളണ്ട് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ആക്രമണത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് യു കെ പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടു. ഇസ്രയേലിനെ വിമര്‍ശിച്ചെങ്കിലും മനപൂര്‍വ്വമല്ലെന്ന പ്രതികരണമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയത്. ഏഴ് പ്രവര്‍ത്തകരുടെ മരണം ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം 196 ആയി ഉയര്‍ന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
ആശുപത്രികള്‍ ഉപരോധിച്ച് ഇസ്രയേല്‍
ഗാസയിലെ അല്‍-ഷിഫ ആശുപത്രിയിലും തെക്കന്‍ ഗാസയിലെ അല്‍-അമാല്‍, നാസെര്‍ ആശുപത്രികളിലും നിരവധി പേരാണ് ഇസ്രയേല്‍ ഉപരോധത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. അല്‍ ഷിഫയില്‍ മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേല്‍ സൈന്യം ടാങ്കുകളും ബുള്‍ഡോസറുകളും കയറ്റിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ പോഷകാഹാരക്കുറവും നിര്‍ജലീകരണവും കാരണം മരിച്ചു. ഗാസയിലെ പട്ടിണി മരണങ്ങളില്‍ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.