ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കണം: പ്രതിഷേധിച്ച് ഓസ്‌ട്രേലിയന്‍ പൊതുപ്രവര്‍ത്തകര്‍
ഇസ്രയേലിലേക്കുള്ള എല്ലാ സൈനിക കയറ്റുമതിയും അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പൊതുപ്രവര്‍ത്തകര്‍. ഇസ്രയേല്‍ വംശഹത്യയെ അപലപിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിനയച്ച കത്തില്‍ 300 ലധികം പൊതുപ്രവര്‍ത്തകരാണ് ഒപ്പുവച്ചത്. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന ഓസ്‌ട്രേലിയന്‍ സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ യുദ്ധക്കുറ്റം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ക്രിമിനല്‍ കുറ്റമാണ് രാജ്യം ചെയ്യുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പാരാമെഡിക്കല്‍ ജീവനക്കാരുടെ മരണം
പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം. റാഫയില്‍ ആംബുലന്‍സിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ജീവനക്കാര്‍ കൊല്ലപ്പെട്ടത്. ഗാസയുടെ ആരോഗ്യ സംവിധാനത്തെ ഉന്മൂലനം ചെയ്യാനായി ഇസ്രയേല്‍ നടത്തുന്ന ക്രൂരകൃത്യമാണിതെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ പ്രകാരം ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 493 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഫിലാഡെല്‍ഫി അതിര്‍ത്തി പൂര്‍ണമായും പിടിച്ചെടുത്ത് ഇസ്രയേല്‍
ഈജിപ്തിനും ഗാസയ്ക്കുമിടയിലെ ഫിലാഡെല്‍ഫി അതിര്‍ത്തിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രയേല്‍. ഗാസയ്‌ക്കെതിരായ യുദ്ധം എഴ് മാസത്തോളം തുടരുമെന്ന് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബുധനാഴ്ച പറഞ്ഞു. റഫയിലെ അഭയ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. ഗാസയില്‍ ഇതുവരെ 36,171 പലസ്തീനികള്‍ കൊല്ലപ്പെടുകയും 81,420 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.