.jpg)
ഡെക്ലാൻ റൈസിനായി ആഴ്‌സണൽ- മാഞ്ചസ്റ്റർ പോരാട്ടം
ഇക്കഴിഞ്ഞ 2022-23 പ്രീമിയർ ലീഗ് സീസണിൽ ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി എന്നിവർ തമ്മിലായിരുന്നു കിരീടത്തിനായുള്ള പോരാട്ടം. ആദ്യം ആഴ്‌സണൽ മുന്നിട്ട് നിന്നെങ്കിലും ലീഗിന്റെ അവസാനം മാഞ്ചസ്റ്റർ സിറ്റി വിജയിക്കുകയായിരുന്നു. ആ പോരാട്ടം ആവർത്തിക്കുകയാണ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും. പ്രീമിയർ ലീഗിലെ തന്നെ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ മധ്യനിര താരമായ ഡെക്ലാൻ റൈസിനെയാണ് ഇരു ടീമുകളും നോട്ടമിട്ടിരിക്കുന്നത്.
ഡെക്ലാൻ റൈസ്
വെസ്റ്റ് ഹാം യുണൈറ്റഡിന്റെ പ്രധാന താരമായ റൈസിന്റെ പൊസിഷൻ ഡിഫൻസീവ് മിഡ്ഫീൽഡിലാണ്. 2006 ൽ ചെൽസിയുടെ യൂത്ത് ടീമിലൂടെ കരിയർ ആരംഭിച്ച റൈസ് 2014-ൽ വെസ്റ്റ് ഹാമിലേക്ക് മാറുകയായിരുന്നു. 2017 വരെ വെസ്റ്റ് ഹാം യുണൈറ്റഡ് യൂത്ത് ടീമിൽ കളിച്ച ഇദ്ദേഹം 2017 ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 17-ാം വയസ്സിൽ സീനിയർ ടീമിൽ കളിച്ച് തുടങ്ങിയ റൈസ് ഇപ്പൊൾ വെസ്റ്റ് ഹാമിന്റെ ക്യാപ്റ്റൻ കൂടിയാണ്. കഴിഞ്ഞ 2022-23 സീസണിലെ യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടമാണ് റൈസിന്റെ ക്ലബിനായുള്ള പ്രധാന നേട്ടം. അയർലൻഡിന് വേണ്ടി ദേശീയ ടീം കരിയർ ആരംഭിച്ച റൈസ് ഇപ്പോൾ ഇംഗ്ലണ്ടിനായാണ് കളിക്കുന്നത്. 2020 യൂറോയിലെ റണ്ണറപ്പ് ആയിരുന്ന ഇംഗ്ലണ്ട് സ്‌ക്വാഡിൽ റൈസ് ഉൾപ്പെട്ടിരുന്നു.
ഈ ട്രാൻസ്ഫർ വിൻഡോ മുതലല്ല റൈസിന് വേണ്ടി വമ്പൻ ക്ലബ്ബുകൾ രംഗത്ത് വന്നു തുടങ്ങിയത്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള മറ്റ് പല ക്ലബ്ബുകളും റൈസിനെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വെസ്റ്റ് ഹാം യുണൈറ്റഡ് മുന്നോട്ടുവച്ച വൻ റിലീസ് ക്ലോസ് ആണ് ഈ ക്ലബ്ബുകൾക്ക് എല്ലാം തിരിച്ചടിയായത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ റൈസിന് വേണ്ടി ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി ടീമുകൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്.
ബിഡുകൾ
മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിന്റെ മുന്നിലേക്ക് വച്ച 90 മില്യൺ യൂറോയുടെ ബിഡിനെ മറികടന്നുകൊണ്ട് ആഴ്‌സണൽ അവരുടെ മൂന്നാമത്തെ ബിഡ് വച്ചത് 105 മില്യൺ യൂറോയ്ക്കാണ്. 100 മില്ല്യൺ റിലീസ് ക്ലോസ് കൂടി ആർസണൽ അവരുടെ ബിഡിൽ കവർ ചെയ്തത്. നേരത്തെ സിറ്റി മുന്നോട്ടുവച്ച 90 മില്യൺ യൂറോയുടെ ബിഡ് വെസ്റ്റ് ഹാം റിജക്ട് ചെയ്തിരുന്നു. ആഴ്‌സണലിന്റെ പുതിയ ബിഡ് വന്നതോടെ മാഞ്ചസ്റ്റർ സിറ്റി പിന്മാറുന്നതായും വാർത്തകൾ വന്നിട്ടുണ്ട്.