
ആര്‍ട്ടിക്കിള്‍ 370: ജമ്മു കാശ്മീര്‍ നിയമസഭയില്‍ വീണ്ടും സംഘര്‍ഷം
ജമ്മു കശ്മീര്‍ നിയമസഭയില്‍ ആര്‍ട്ടിക്കിള്‍ 370 ന്റെ ബാനര്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ബഹളം. ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് ബാനര്‍ സഭയില്‍ പ്രദര്‍ശിപ്പിച്ചത്.
അവാമി ഇത്തേഹാദ് പാര്‍ട്ടി എംഎല്‍എയാണ് ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ്. ബാനര്‍ പ്രദര്‍ശിപ്പിച്ചതിനെ ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ എതിര്‍ത്തതിനെ തുടര്ന്ന് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
ജമ്മു കശ്മീരില്‍ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭയില്‍ ബഹളമായിരുന്നു. നീണ്ട ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ സമ്മേളനം ചേര്‍ന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആര്‍ട്ടിക്കിള്‍ 370-മായി ബന്ധപ്പെട്ടായിരുന്നു ആദ്യ ദിന ബഹളവും.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എം.എല്‍.എ വഹീദ് പാറ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന്മേലുള്ള ചര്‍ച്ചയാണ് ആദ്യ ദിനത്തില്‍ ബഹളത്തിലേക്ക് നയിച്ചത്. പ്രമേയത്തെ ബിജെപി ശക്തമായി എതിര്‍ത്തു. വഹീദ് പാറയുടെ പരാമര്‍ശം എടുത്ത് കളയണമെന്നും ഇത് നിയമസഭാ നിയമങ്ങള്‍ക്കെതിരാണെന്നും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.