.jpg)
അനുച്ഛേദം 370 കശ്മീരില്‍ ഭീകരതയുടെ വിത്ത് വിതച്ചു: അമിത് ഷാ
ഇന്ത്യയുമായുള്ള കശ്മീരിന്റെ ബന്ധം താല്‍ക്കാലികം ആണെന്ന ആശയത്തിന് വിശ്വാസം നല്‍കി കശ്മീരിലെ യുവാക്കള്‍ക്കിടയില്‍ വിഭജനത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നതിന് ഉത്തരവാദി അനുച്ഛേദം 370 ആയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ വേറെയും ഉണ്ടായിട്ടും അവിടെയൊന്നും ഭീകരവാദം വ്യാപിച്ചില്ലെന്ന് ഷാ ചൂണ്ടിക്കാണിച്ചു.
എന്തുകൊണ്ട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ മുസ്ലീം പ്രദേശങ്ങളില്‍ ഭീകരവാദം വളര്‍ന്നില്ലെന്ന് ഷാ ചോദിച്ചു. 'പാകിസ്ഥാനുമായി കശ്മീര്‍ അതിര്‍ത്തി പങ്കിടുന്നുവെന്ന വാദം ഉണ്ട്. ഗുജറാത്തും രാജസ്ഥാനും പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. പക്ഷേ, ഭീകരവാദം അവിടെ എത്തിയില്ല. ഇന്ത്യയും കശ്മീരും തമ്മിലുള്ള ബന്ധം താല്‍ക്കാലികമാണെന്ന തെറ്റായധാരണ അനുച്ഛേദം 370 പ്രോത്സാഹിപ്പിച്ചു. ക്രമേണ വിഭജനവാദം ഭീകരവാദമായി മാറി,' 40,000-ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായത് ദൗര്‍ഭാഗ്യകരമാണെന്ന് ഷാ കൂട്ടിച്ചേര്‍ത്തു.
മുന്‍ ജമ്മുകശ്മീര്‍ സംസ്ഥാനത്തില്‍ ഭീകരത നഗ്നനൃത്തമാടിയപ്പോള്‍ ദശാബ്ദങ്ങളായി വികസനം പിന്‍സീറ്റിലായെന്ന് ഷാ പറഞ്ഞു. 2019 ഓഗസ്റ്റ് 5-ന് ആണ് പാര്‍ലമെന്റ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയത്.
നാഷണല്‍ ബുക്ക് ട്രസ്റ്റും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചും ചേര്‍ന്ന് തയ്യാറാക്കിയ ജെ&കെ ആന്‍ഡ് ലഡാക്ക്: ത്രൂ ദി ഏജസ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകായിരുന്നു അമിത് ഷാ.