
ലേഖനമെഴുതിയത് സിപിഐഎമ്മിന്റെ ഡാറ്റ ഉപയോഗിച്ചല്ല: ശശി തരൂര്‍
കേരളത്തെ പുകഴ്ത്താന്‍ ഉപയോഗിച്ച ഡാറ്റ കേന്ദ്ര സര്‍ക്കാരിന്റെയും അന്താരാഷ്ട്ര ഏജന്‍സിയുടേതും ആണെന്ന് ശശി തരൂര്‍ എംപി. കേരളം വ്യവസായ, സ്റ്റാര്‍ട്ടപ്പ് രംഗത്ത് വന്‍കുതിപ്പ് നടത്തിയെന്ന് പ്രശംസിച്ചുള്ള തരൂരിന്റെ ലേഖനം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവാദം ആയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ താന്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്ക് അടിസ്ഥാനമായിട്ടുള്ള വിവരങ്ങള്‍ എവിടെ നിന്നും ലഭിച്ചുവെന്ന കാര്യം ലേഖനത്തില്‍ പറഞ്ഞിരുന്നു. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിനേയും അടിസ്ഥാനമാക്കിയാണ് ലേഖനം എഴുതിയത്. ഇത് രണ്ടും സിപിഐഎമ്മിന്റേത് അല്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
വേറെ സ്രോതസ്സില്‍ നിന്നും വേറെ വിവരങ്ങള്‍ ലഭിച്ചാല്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും വേറെ ആര്‍ക്കും വേണ്ടിയല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തരൂര്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വലുതാക്കിയെന്ന് കെപിസിസി അധ്യക്ഷനും എം പിയുമായ കെ സുധാകരന്‍ പറഞ്ഞു. തരൂര്‍ വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ലെന്നും ഈ വിഷയത്തില്‍ കൂടുതല്‍ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോള്‍ത്തന്നെ എല്ലാവരും അത് നിര്‍ത്തിയെന്നും ഇപ്പോള്‍ എല്ലാം അവസാനിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.
തരൂരിനെ താന്‍ വിളിച്ചിരുന്നുവെന്നും സ്‌നേഹത്തോടെ പെരുമാറുകയും ഇനിമേലില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടിതലത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. അതോടെ ആ വിഷയം തീര്‍ന്നുവെന്നും സുധാകരന്‍ പറഞ്ഞു.