ജോ ബൈഡന്‍ | Photo : PTI
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അപകടമായേക്കും; ടെക് കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ബൈഡന്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) ഉപയോഗം സമൂഹത്തിന് അപകടമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എ.ഐയുടെ അവസരങ്ങളും അപകട സാധ്യതയും സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ബൈഡന്‍ ആശങ്ക പങ്കുവച്ചത്.
തന്റെ കാഴ്ചപ്പാടില്‍ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിനു മുമ്പ് സാങ്കേതിക കമ്പനികള്‍ക്ക് അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ട്. നിര്‍മിത ബുദ്ധി അപകടകാരിയാണോ എന്ന ചോദ്യത്തിന് അത് കണ്ടറിയണമെന്നും അതിന് സാധ്യതയുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും പൗരന്മാരുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമാക്കുന്നതിനും നിയമം കൊണ്ടുവരാന്‍ ശാസ്ത്ര സാങ്കേതിക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ എ.ഐയെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ബൈഡന്റെ ജാഗ്രതാ നിര്‍ദേശം. സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുവരെ സാങ്കേതികവിദ്യയുടെ വികസനം താല്‍ക്കാലികമായി നിര്‍ത്തണമെന്നാണ് ഈ വിഷയത്തില്‍ വിദഗ്ധരുടെ അഭിപ്രായം.