TMJ
searchnav-menu
post-thumbnail

ആർട്ടിസ്റ്റ് നമ്പൂതിരി | PHOTO: WIKI COMMONS

TMJ Daily

വരയുടെ പരമശിവൻ ഇനിയില്ല, വേദനയോടെ സാംസ്‌കാരിക കേരളം

07 Jul 2023   |   3 min Read
TMJ News Desk

ർട്ടിസ്റ്റ് നമ്പൂതിരിക്ക്, വരയുടെ പരമശിവന് സാംസ്‌കാരിക കേരളം കണ്ണീരോടെ വിട നൽകി. വികെഎൻ ആണ് വരയുടെ പരമശിവൻ എന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചത്. പകരക്കാരനില്ലാത്ത ഒരു ചിത്രകാരൻ. ചിത്രകലയിലെ മഹാ പ്രതിഭ. മലയാളത്തിന് നഷ്ടമായത് മുക്കാൽ നൂറ്റാണ്ട് നീണ്ടുനിന്ന അതിശയിപ്പിക്കുന്ന ജീവിതം.

മലയാള സാഹിത്യത്തിലെ കഥാപാത്രങ്ങൾക്ക് മുഖം നൽകിയ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ വിയോഗം തീരാ വേദന നൽകുന്നതാണ്. തന്റെ വരകൊണ്ട് അദ്ദേഹം അനവധി കഥാപാത്രങ്ങളെയാണ് അനശ്വരമാക്കിയത്. ആർട്ടിസ്റ്റ് എന്ന പദം എല്ലാ അർത്ഥത്തിലും കൂടെചേർക്കാൻ യോഗ്യനായ ഒരാൾ. 1925 ൽ പൊന്നാനി കരുവാട്ടിയിൽ കെഎം പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ആർട്ടിസ്റ്റ് നമ്പൂതിരി എന്ന വാസുദേവൻ നമ്പൂതിരി ജനിച്ചത്. വിദ്യാഭ്യാസം സ്വന്തം വീട്ടിൽ തന്നെയായിരുന്നു. കുട്ടിക്കാലത്തു തന്നെ ചിത്രരചനയിലേക്ക് കടന്നു. ശിൽപ നിർമ്മാണത്തിലും പ്രാവീണ്യം നേടി. തൃശൂർ സ്‌കൂൾ ഓഫ് ആർട്‌സിലും പിന്നീട് മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിലും ചിത്രകല അഭ്യസിച്ചു. ചിത്രകലയിലെ അതിയായ താൽപ്പര്യം കണ്ട് പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ വരിക്കാശ്ശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻ ആർട്‌സ് കോളേജിൽ എത്തിച്ചത്. 1960 ലാണ് നമ്പൂതിരി മാതൃഭൂമിയിലെത്തുന്നത്. 1981 മുതൽ കലാകൗമുദിയിലും തുടർന്ന് മലയാളം വാരികയിലും ജോലിചെയ്തിട്ടുണ്ട്. മാതൃഭൂമിയിലെ 'നാണിയമ്മയും ലോകവും' എന്ന പോക്കറ്റ് കാർട്ടൂൺ ഏറെ ശ്രദ്ധ നേടിയതാണ്. 

ആർട്ടിസ്റ്റ് നമ്പൂതിരിക്ക് കൂടുതൽ ഇഷ്ടം രേഖാ ചിത്രങ്ങളോടാണ്. 'കൂടുതൽ താൽപര്യം രേഖാചിത്രങ്ങളോടാണ്, പരന്ന ഒരു പ്രതലത്തിൽ രേഖകൾകൊണ്ട് ത്രിമാനസ്വഭാവമുള്ള വസ്തുക്കൾ സൃഷ്ടിക്കാം. ചെറിയ രേഖകൾക്ക് വലിയ ഘനമാനം ഉണ്ടാക്കാനുള്ള കഴിവുണ്ട്. വളരെ നിസ്സാരമെന്ന് പറയാവുന്ന രേഖകൾ കൊണ്ട് സൃഷ്ടിക്കാവുന്ന സാധ്യതകൾ ഏറെയാണ്. ഒരു വസ്തു കാണുമ്പോൾ അതിന്റെ സാന്ദ്രത, ഘനം നമുക്ക് അനുഭവിക്കാനാകും. ആ അനുഭവം നമുക്ക് വരയ്ക്കാൻ പറ്റും. ആ വിദ്യയാണ് അതിന്റെ രസവും സുഖവും'' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എസ്‌കെ പൊറ്റക്കാട്, വികെഎൻ, എംടി വാസുദേവൻ നായർ, തുടങ്ങിയവരുടെ രചനകൾക്ക് മികവാർന്ന തന്റെ രേഖാ ചിത്രങ്ങളിലൂടെ അദ്ദേഹം ഓജസ്സ് നൽകി. വികെഎന്നിന്റെ പിതാമഹൻ, പയ്യൻ കഥകൾ, തകഴിയുടെ ഏണിപ്പടികൾ, തിക്കോടിയന്റെ ചുവന്ന കടൽ, കെ സുരേന്ദ്രന്റെ ഗുരു, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ, എംടിയുടെ രണ്ടാമൂഴം തുടങ്ങിയ കൃതികൾക്ക് അദ്ദേഹം വരച്ച രേഖാചിത്രങ്ങൾ ആസ്വാദകരുടെ കണ്ണിൽ മായാതെ നിൽക്കുന്നതാണ്. രണ്ടാമൂഴത്തിലെ ഇതിഹാസ കഥാപാത്രങ്ങൾക്ക് അദ്ദേഹം കൊടുത്ത മുഖം എടുത്തു പറയേണ്ടതാണ്. അതിലെ കഥാപാത്രങ്ങൾക്കെല്ലാം തന്നെ ചെറിയ രീതിയിൽ അമാനുഷികത നൽകിയതായി കാണാം. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്വതസിദ്ധമായ ശൈലിയും രീതിയുമാണ് അതിൽ വ്യക്തമായത്. എംടിയുമായി വളരെ ദീർഘ കാലത്തെ ബന്ധമാണ് നമ്പൂതിരിക്ക് ഉണ്ടായിരുന്നത്. ഏതാണ്ട് അൻപത് വർഷത്തെ അടുപ്പം. മാതൃഭൂമിയിൽ ഒരുമിച്ച് ജോലിചെയ്തപ്പോഴാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാവുന്നത്. 

വികെഎന്നുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഒരിക്കൽ ഒരു മാധ്യമ പ്രവർത്തകൻ വികെഎന്നിനോട് എന്തിനാണ് എഴുതുന്നത് എന്ന് ചോദിച്ചപ്പോൾ നമ്പൂതിരി വരക്കുന്ന ചിത്രം കാണാൻ എന്നായിരുന്നു മറുപടി. വൈക്കം മുഹമ്മദ് ബഷീറിനു വേണ്ടി നമ്പൂതിരി വരച്ചിട്ടില്ല. എന്നാൽ ബഷീറിന്റെ ചിത്രങ്ങൾ ഏറ്റവും കൂടുതൽ വരച്ചിട്ടുള്ളവരിൽ ഒരാൾ നമ്പൂതിരിയാണ്. ബഷീർ ദി മാൻ എന്ന എംഎ റഹ്‌മാന്റെ ഡോക്യുമെന്ററിക്ക് വേണ്ടി അനേകം ബഷീർ ചിത്രങ്ങൾ അദ്ദേഹം വരച്ചു. സമയം കിട്ടുമ്പോഴെല്ലാം ഒരുമിച്ച് സമയം ചിലവിടുന്ന സുഹൃത്തുക്കളായിരുന്നു ഇരുവരും.

ചിത്രങ്ങളിലൂടെ മാത്രമല്ല ശില്പി എന്ന നിലയിലും കലാസംവിധായകൻ എന്ന നിലയിലും മികച്ച  സംഭാവനയാണ് അദ്ദേഹം നൽകിയത്. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയുടെ കലാസംവിധാനത്തിന് മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. അരവിന്ദന്റെ തന്നെ കാഞ്ചന സീത എന്ന ചിത്രത്തിന്റെ കലാസംവിധാനവും ഏറെ പ്രശംസ നേടിയതാണ്. കലാസംവിധായകൻ എന്ന നിലയിലും അദ്ദേഹം പൂർണ വിജയമായിരുന്നു. കേരള ലളിത കലാ അക്കാദമി ചെയർമാനായി പ്രവർത്തിച്ച അദ്ദേഹത്തിന് 2004 ൽ കേരള ലളിത കലാ അക്കാദമി രാജാ രവി വർമ്മ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു. 

കല എല്ലായ്‌പ്പോഴും ശക്തമായ ആവിഷ്‌കാര മാധ്യമമാണ്. എല്ലാ അതിരുകളും ഭേദിക്കാനും മനുഷ്യന്റെ സംഭവ ബഹുലമായ ജീവിതം പകർത്താനും സാധിക്കുന്നത്. കലാവിഷ്‌ക്കാരത്തിന്റെ അതിർവരമ്പുകൾ തുടർച്ചയായി ഭേദിച്ച ഒരു കലാകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി. തനതായ ശൈലി, അതിന് പകരക്കാരില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ആഗോള കലാപ്രസ്ഥാനങ്ങളിൽ നിന്നുള്ള സൂക്ഷ്മമായ സ്വാധീനം കാണാനാവും. എല്ലാ പശ്ചാത്തലത്തിൽ നിന്നുള്ള ആസ്വാദകരേയും പിടിച്ചു നിർത്താൻ ശേഷിയുള്ളതായിരുന്നു ഓരോ വരയും. ആദ്ദേഹത്തിന്റെ വര സംഭാഷണവും, ചരിത്രത്തെയും ഇതിഹാസത്തെയും രേഖപ്പെടുത്തുന്നതും കൂടിയായിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സർഗാത്മകതയ്ക്ക് അതിരുകളുണ്ടായിരുന്നില്ല. ദൃശ്യപരമായി അദ്ദേഹത്തിന്റെ സംഭാവനകൾ അത്ഭുതമായിരുന്നു. കലാലോകത്ത് മായാത്ത ഒരടയാളമായി ആർട്ടിസ്റ്റ് നമ്പൂതിരി എന്നും നിലനിൽക്കും.


#Daily
Leave a comment