United States Senate | PHOTO: WIKI COMMONS
അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; യുഎസ് സെനറ്റ് പ്രമേയം പാസാക്കി
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന പ്രമേയം പാസാക്കി യുഎസ് സെനറ്റ് കമ്മിറ്റി. ഇന്ത്യ-ചൈന അതിര്‍ത്തി വേര്‍തിരിക്കുന്ന അന്താരാഷ്ട്ര രേഖയാണ് മക്‌മോഹന്‍ ലൈന്‍ എന്നും യുഎസ് സെനറ്റ് അംഗീകരിച്ചു. ഒറിഗോണ്‍ സെനറ്റര്‍ ജെഫ് മെര്‍ക് ലി, ടെന്നസി സെനറ്റര്‍ ബില്‍ ഹാഗെര്‍ട്ടി, ടെക്‌സാസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. സെനറ്റര്‍മാരായ ടിം കെയ്‌നും, ക്രിസ് വാന്‍ഹോളനും പ്രമേയത്തെ പിന്തുണച്ചു.
അരുണാചലിന്റെ വലിയൊരുഭാഗം പ്രദേശവും തങ്ങളുടേതാണെന്ന ചൈനയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് സെനറ്റിന്റെ തീരുമാനം. ചൈനയുടെ ഭാഗത്തുനിന്ന് അരുണാചലിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങളും കടന്നുകയറ്റങ്ങളും വര്‍ധിച്ചു വരുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി. രാജ്യാന്തര പങ്കാളി എന്ന നിലയില്‍ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ഒറിഗോണ്‍ സെനറ്റര്‍ ജെഫ് മെര്‍ക് ലി വ്യക്തമാക്കി.
സ്ഥലങ്ങള്‍ക്ക് പുനര്‍നാമകരണം നല്‍കി ചൈന
അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ചൈന കഴിഞ്ഞ ഏപ്രിലില്‍ പുനര്‍നാമകരണം ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനെ തള്ളിക്കളഞ്ഞു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും ചൈനീസ് നടപടിയെ എതിര്‍ത്ത് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അരുണാചല്‍ പ്രദേശിനു മേലുള്ള അവകാശവാദം വീണ്ടും ഊന്നിപ്പറയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈന 11 സ്ഥലങ്ങളുടെ പുതിയ പേരുകള്‍ പുറത്തുവിട്ടത്. ഇത് മൂന്നാം തവണയാണ് അരുണാചല്‍ പ്രദേശിലെ സ്ഥലപ്പേരുകള്‍ ചൈന പുനര്‍നാമകരണം ചെയ്തത്. 2017 ലും 2021 ലുമാണ് സമാനമായ രീതിയില്‍ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകള്‍ ചൈന മാറ്റിയത്. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് ചൈനയുടെ നടപടി. ചൈന, ടിബറ്റന്‍ ലിപികളില്‍ പുതിയ പേരുകള്‍ ചൈന പുറത്തിറക്കുകയും ചെയ്തിരുന്നു.
ചൈനയെ തള്ളി ഇന്ത്യയും അമേരിക്കയും
പേരുകള്‍ മാറ്റിയത് കൊണ്ടുമാത്രം വസ്തുതകള്‍ ഇല്ലാതാക്കാനോ, തിരുത്താനോ സാധിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 'അത്തരം റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതാദ്യമായല്ല ചൈന ഇത്തരം നടപടികള്‍ക്ക് മുതിരുന്നത്. അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു, ഇനിയും അങ്ങനെ തന്നെ ആയിരിക്കും.' വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.
ഏകപക്ഷീയമായ ചൈനയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കയും രംഗത്തുവന്നിരുന്നു. പ്രദേശങ്ങളുടെ പേര് മാറ്റി പ്രാദേശിക അവകാശവാദങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അമേരിക്കയും നിലപാട് വ്യക്തമാക്കിയിരുന്നു.