.jpg)
വലിയ പാഠം പഠിപ്പിച്ച തിരഞ്ഞെടുപ്പെന്ന് അരവിന്ദ് കെജ്‌രിവാള്‍
ഹരിയാനയില്‍ ബിജെപി വിജയം ഉറപ്പിച്ചതോടെ ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും അക്കൗണ്ട് തുറക്കാനായിട്ടില്ല. ഒരിക്കലും അമിത ആത്മവിശ്വാസം പാടില്ലെന്ന വലിയ പാഠമാണ് ഹരിയാന തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നായിരുന്നു ഫലം പുറത്തുവന്ന ശേഷം ആം ആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഒരുപാര്‍ട്ടിക്കും ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നായിരുന്നു പ്രചാരണവേളയില്‍ കെജ്‌രിവാളിന്റെ അവകാശവാദം. ഈ തോല്‍വിയില്‍ നിരാശരായിരിക്കാതെ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടിയെങ്കിലും പ്രചാരണം ഊര്‍ജിതമാക്കണമെന്ന് കെജ്‌രിവാള്‍ കൗണ്‍സിലര്‍മാര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ 89 ലും ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയം കണ്ടെത്താന്‍ പാര്‍ട്ടിക്കായില്ല. 'ഹരിയാനയിലെ ഫലം നമുക്ക് നോക്കാം. തിരഞ്ഞെപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഇത് നല്‍കുന്ന വലിയ പാഠം'' കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ആംആദ്മി കൗണ്‍സിലര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.