PHOTO: PTI
ഗാസ ആശങ്കയില്‍, ജീവകാരുണ്യ സഹായം മുടങ്ങും
പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്തലാക്കി പാശ്ചാത്യ രാജ്യങ്ങള്‍. ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രേലിയ, ഇറ്റലി, ക്യാനഡ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ജര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് യു എന്‍ ആര്‍ ഡബ്ലു എയ്ക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിയിരിക്കുന്നത്. ഗാസയില്‍ വംശഹത്യ തുടരുമ്പോള്‍ യു എന്‍ ആര്‍ ഡബ്ലു എയുടെ സഹായം ഇല്ലാതെയാകുമോ എന്നുള്ള ആശങ്കയിലാണ് പലസ്തീന്‍ ജനത.
ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ യു എന്‍ ആര്‍ ഡബ്ലു എയുടെ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കിയത്. ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്താനുള്ള തീരുമാനം ഞെട്ടിക്കുന്നതായിരുന്നു എന്നാണ് കമ്മീഷണര്‍ ജനറല്‍ ഫിലിപ്പി ലാനിസ്റ്ററിയുടെ പ്രതികരണം. ധനസഹായം നിര്‍ത്തലാക്കുന്ന തീരുമാനം പിന്‍വലിക്കണമെന്നും ധനസഹായം പുനരാരംഭിക്കണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന 12 പേരില്‍ ഒമ്പത് പേരെ ഏജന്‍സി പിരിച്ച് വിട്ടിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് പേരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
പകുതിയലധികം ഫണ്ടും വരുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന്
ഗാസയില്‍ ജീവിക്കുന്ന 23 ലക്ഷം പേരില്‍ 20 പേരും യു എന്‍ ആര്‍ ഡബ്ല്യു എയുടെ ധനസഹായത്തെ ആശ്രയിക്കുന്നുവരാണ്. ഏജന്‍സിയുടെ ധനസഹായം നിര്‍ത്തലായാല്‍ ഗാസയിലെ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും. ഏജന്‍സിക്ക് കഴിഞ്ഞ വര്‍ഷം പകുതിയിലധികം ഫണ്ടും നല്‍കിയിരുന്നത് പാശ്ചാത്യ രാജ്യങ്ങളാണ്.
വംശഹത്യ തുടര്‍ന്ന് ഇസ്രയേല്‍
ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ചെവികൊള്ളാതെ ഇസ്രയേല്‍. ഇതുവരെ 26422 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 165 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.