
ഉയരുന്ന താപനില, കാലാവസ്ഥാ വ്യതിയാനം വ്യാപകമാകും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
അടുത്ത 10 വർഷത്തിനുള്ളിൽ ഭൂമിയിലെ താപനില 1.5 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നും മനുഷ്യർക്ക് പൊരുത്തപ്പെടാനാവാത്ത വിധം കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും ഐക്യരാഷ്ട്ര സഭയുടെ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ട് വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതോടെ ഉഷ്ണതാപം, വെള്ളപ്പൊക്കം, ക്ഷാമം, പകർച്ചവ്യാധികൾ എന്നിവ സജീവമാകുമെന്ന് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിച്ചു. മനുഷ്യരുടെ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ഭൂമിയിലെ ആവാസവ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ലോകവ്യാപകമായി കാർബൺ പുറന്തള്ളുന്നത് തുടരുകയാണെന്നും ഇപ്പോഴുള്ള പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്നും പരാമർശിച്ചു.
താപനില 1.5 ഡിഗ്രി സെൽഷ്യസിലെങ്കിലും പിടിച്ചുനിർത്താൻ 2030 ഓടെ പുറന്തള്ളുന്ന കാർബണിന്റെ 43 ശതമാനവും 2035 ഓടെ 60 ശതമാനവും കുറയ്ക്കാൻ കഴിയണം. ആഗോള ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളലിന് കാരണമാകുന്ന കൽക്കരി, എണ്ണ, വാതകം എന്നിവ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഒരു പരിധി വരെ സാധിക്കുന്നതാണ്. എന്നിരുന്നാലും വ്യക്തിഗത താല്പര്യങ്ങൾക്കും സമ്പന്ന രാഷ്ട്രങ്ങളുടെ ആവശ്യങ്ങൾക്കുമനുസരിച്ച് പരിഹാരമാർഗങ്ങൾ നടപ്പിലാക്കാതെ പോകുകയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2060 ഓടെ ചൈനയും 2070 ഓടെ ഇന്ത്യയും കാർബൺ പുറന്തള്ളൽ പൂർണമായും കുറയ്ക്കുമെന്ന് തീരുമാനം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇരു രാജ്യങ്ങൾ മാത്രമല്ല സമ്പന്ന രാഷ്ട്രങ്ങൾ വളരെ വേഗത്തിൽ തന്നെ പരിഹാര നടപടികൾ സ്വീകരിച്ച് വികസ്വര രാജ്യങ്ങളെ സഹായിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. ലോകത്തിലെ ദരിദ്ര രാജ്യങ്ങളും താഴ്ന്ന ദ്വീപ് രാഷ്ട്രങ്ങളിലുമാണ് ദുരിതമേറുന്നത്. റിപ്പോർട്ട് പ്രകാരം ഈ നൂറ്റാണ്ടോടെ പല മേഖലകളിലും ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായിവരുമെന്നാണ്. പെട്ടന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും തീ പീടുത്തത്തിലും സമ്പന്നരാഷ്ട്രങ്ങൾ പോലും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അടിയന്തിര നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണ്.