
അസദിന്റെ ഭാര്യ അസ്മ വിവാഹമോചനം തേടുന്നു
മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ ഭാര്യ അസ്മ അല്‍-അസാദ് വിവാഹമോചന പെറ്റീഷന്‍ ഫയല്‍ ചെയ്തു. മോസ്‌കോ വിടാനുള്ള പ്രത്യേക അനുമതിയും റഷ്യന്‍ കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷനില്‍ ആവശ്യപ്പെടുന്നുണ്ട്. റഷ്യയിലെ വാസത്തില്‍ അസ്മ അസംതൃപ്തയാണെന്നും ലണ്ടനിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലീഷുകാരിയാണ് അസ്മ.
രാജ്യം വിടാന്‍ അനുവാദം തേടിയുള്ള അസ്മയുടെ അപേക്ഷ നിലവില്‍ റഷ്യന്‍ അധികൃതര്‍ പരിശോധിക്കുകയാണ്. ലണ്ടനില്‍ ജനിച്ച അസ്മയുടെ മാതാപിതാക്കള്‍ സിറിയക്കാരാണ്. 2000-ല്‍ 25-ാം വയസ്സില്‍ സിറിയയിലേക്ക് താമസം മാറ്റിയ അസ്മ പിന്നീട് ബാഷര്‍ അല്‍-അസദിനെ വിവാഹം ചെയ്തു.
സിറിയയില്‍ എച്ച്ടിഎസിന്റെ മുന്നേറ്റത്തെ തുടര്‍ന്ന് അധികാരം നഷ്ടമായ അസദിന് രാജ്യം വിടേണ്ടി വന്നു. അസദ് കുടുംബത്തോടൊപ്പം റഷ്യയില്‍ അഭയം പ്രാപിച്ചു. അവിടെ അവര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് വസിക്കുന്നത്. അവശ്യായ ചികിത്സയാണ് അസ്മ തേടുന്നതെന്നും അവ റഷ്യയില്‍ ലഭ്യമല്ലെന്ന തോന്നല്‍ അവര്‍ക്കുണ്ടെന്നും അവരുമായി ബന്ധപ്പെട്ട ആളുകള്‍ പറയുന്നു.
അസദിന് അഭയം നല്‍കിയപ്പോഴുള്ള നിബന്ധനകള്‍ അനുസരിച്ച് അദ്ദേഹത്തിന് മോസ്‌കോ വിടാനോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ സാധിക്കുകയില്ല. കൂടാതെ, അദ്ദേഹത്തിന്റെ ആസ്തികള്‍ റഷ്യന്‍ അധികൃതര്‍ മരവിപ്പിക്കുകയും ചെയ്തു.
270 കിലോഗ്രാം സ്വര്‍ണം, 2 ബില്ല്യണ്‍ യുഎസ് ഡോളര്‍, മോസ്‌കോയില്‍ 18 അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് അസദിന്റെ ആസ്തിയായി റഷ്യയിലുള്ളത്.
നിലവില്‍ ലുക്കീമിയ രോഗബാധിതയാണ് അസ്മ. ഇത് അസ്മയെ മോസ്‌കോയില്‍ കൂടുതല്‍ അസന്തുഷ്ടയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ ജെപി മോര്‍ഗന്‍ ഉദ്യോഗസ്ഥയായിരുന്ന അസ്മ അന്താരാഷ്ട്ര സഹായങ്ങള്‍ സിറിയക്ക് ലഭിക്കാനുള്ള സ്വാധീനം ചെലുത്തുകയും പ്രസിഡന്റിന്റെ ഒരു രഹസ്യ സാമ്പത്തിക കൗണ്‍സില്‍ രൂപീകരിക്കുന്നതിന് ഇടയാക്കിയെന്നും നേരത്തെ ഫൈനാന്‍ഷ്യല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമ്പത് വര്‍ഷത്തെ അസദ് കുടുംബത്തിന്റെ ഭരണമാണ് ഹയാത്ത് തഹ്രിര്‍ അല്‍-ഷാം എന്ന എച്ച്ടിഎസ് കഴിഞ്ഞ മാസം അട്ടിമറിച്ചത്. മൂന്ന് ദശാബ്ദത്തോളം അദ്ദേഹത്തിന്റെ പിതാവ് ഹാഫെസ് അല്‍-അസദും തുടര്‍ന്ന് 24 വര്‍ഷം ബാഷര്‍ അല്‍-അസദും സിറിയ ഭരിച്ചു.


