
ആശാ വർക്കർ സമരം: വിരമിക്കൽ പ്രായം 62 ആക്കിയത് സംസ്ഥാന സർക്കാർ മരവിപ്പിച്ചു
ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സംസ്ഥാന സർക്കാർ മരവിപ്പിച്ചു. മാർച്ച് 19ന് ആശാ വർക്കർമാരുമായി മന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് 62 വയസ്സെന്ന വിരമിക്കൽ പ്രായം മരവിപ്പിച്ചത്. ഇതിന്റെ ഉത്തരവാണ് പുറത്തിറങ്ങിയത്.
സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തി വരുന്ന രാപ്പകൽ സമരം 69 ദിവസം കടന്നു. അതിനിടയിലാണ് ഈ ഉത്തരവ്. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയുള്ള ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ല. ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള കമ്മിറ്റിയെ നിയോഗിക്കുന്നതിലും തീരുമാനമുണ്ടായിട്ടില്ല.
സമരം ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് ആശാ വർക്കർ സമരസമിതിയുടെ തീരുമാനം. ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കമ്മിറ്റി രൂപീകരിച്ചതിനെക്കുറിച്ച് സർക്കാർ ഉത്തരവൊന്നും പുറത്തിറക്കാത്തതിനാൽ, കോടതിയെ സർക്കാർ കബളിപ്പിക്കുകയാണെന്ന് ആശാ വർക്കർമാർ ആരോപിച്ചു.