
ആശാവര്‍ക്കര്‍മാരുടെ സമരം: ലോകസഭയിൽ ഉന്നയിച്ച് കോണ്‍ഗ്രസ്
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ വിഷയം കോണ്‍ഗ്രസ് ലോകസഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ചു.
കേന്ദ്രം പണം നല്‍കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാനസര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരും ആരോപിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി വ്യക്തത വരുത്താന്‍ തയ്യാറാകണമെന്ന് വേണുഗോപാല്‍ ലോകസഭയില്‍ ആവശ്യപ്പെട്ടു.
ഇവര്‍ക്ക് ദിവസം 233 രൂപയാണ് വേതനം നല്‍കുന്നതെന്നും അതുതന്നെ കേരളത്തില്‍ കൃത്യമായി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. മാസശമ്പളം 21,000 രൂപയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയവും ഇന്‍സെന്റീവുകളും കുറവാണെന്നും അവര്‍ ഇന്ത്യയുടെ ആരോഗ്യസംവിധാനത്തിലെ പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
അമിതമായ ഉത്തരവാദിത്വങ്ങള്‍ അവര്‍ക്കുണ്ടെന്നും ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുവെന്നും തരൂര്‍ പറഞ്ഞു.