TMJ
searchnav-menu
post-thumbnail

TMJ Daily

ആശകളുടെ സമരം; ചര്‍ച്ചയ്ക്ക് സമയം ചോദിച്ചു; കേന്ദ്ര മന്ത്രി നല്‍കിയില്ലെന്ന് വീണ ജോര്‍ജ്

21 Mar 2025   |   2 min Read
TMJ News Desk

സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ച ആശാ പ്രവര്‍ത്തകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണാന്‍ ഡല്‍ഹിയില്‍ പോയ വിഷയത്തില്‍ വിശദീകരണവുമായി സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വീണയ്ക്ക് കേന്ദ്ര മന്ത്രിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ ഇന്നലെ വൈകുന്നേരം കേരളത്തില്‍ തിരിച്ചെത്തിരുന്നു.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് വീണ പറഞ്ഞു. ബുധനാഴ്ച്ച കത്ത് നല്‍കിയെന്നും എന്നാല്‍ അനുമതി ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, കത്ത് വൈകിയാണ് ലഭിച്ചതെന്നും മുന്‍കൂട്ടി ചോദിക്കാതെ കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി ലഭിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിയുടെ ഡല്‍ഹി യാത്ര തട്ടിപ്പോ, പ്രഹസനമോ എന്ന് ചോദിച്ച് വീണയെ കഴിഞ്ഞ ദിവസം വാര്‍ത്താ ചാനലുകള്‍ വിമര്‍ശിച്ചതിന് മന്ത്രി ഫേസ്ബുക്കിലൂടേയും മാധ്യമങ്ങള്‍ക്ക് ബൈറ്റ് നല്‍കിയും മറുപടി പറഞ്ഞു.

വ്യാഴാഴ്ച്ച ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ക്യൂബന്‍ സംഘത്തെ കാണാനാണ് ഡല്‍ഹിയില്‍ പോയതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി 2023 ജൂണില്‍ നടത്തിയ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണിതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ കാന്‍സര്‍ വാക്‌സിന്‍ ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ സഹകരണമെന്നും മന്ത്രി കുറിച്ചു.

ഒരാഴ്ച്ചയ്ക്കുള്ളില്‍ നേരിട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുമെന്നാണ് താന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. വ്യാഴാഴ്ച്ച കൂടിക്കാഴ്ച്ചയ്ക്ക് അനുവാദം ലഭിച്ചില്ലെങ്കില്‍ കേന്ദ്ര മന്ത്രിയുടെ സൗകര്യം അറിയിക്കുമ്പോള്‍ വന്ന് കാണുമെന്ന് ഡല്‍ഹിയില്‍ വച്ച് പറഞ്ഞുവെന്നും വീണ ജോര്‍ജ് പറഞ്ഞു.

ആറ് മാസം മുമ്പ് കേന്ദ്രമന്ത്രിയോട് ആശമാരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് മന്ത്രി ഇന്നലെ രാത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര സ്‌കീമില്‍ പ്രവര്‍ത്തിക്കുന്ന ആശമാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിയെ കാണാന്‍ അനുമതി തേടിയത് തെറ്റാണോയെന്ന് ഡല്‍ഹി സന്ദര്‍ശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. അനുമതി തേടിയതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്താണോ പറഞ്ഞത് അത് വിശ്വസിച്ചോളൂവെന്ന് മന്ത്രി പറഞ്ഞു. താന്‍ പറയാനുള്ള കാര്യങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാനത്തേയും സംസ്ഥാന ആരോഗ്യമന്ത്രിയേയും ക്രൂശിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ഇന്ന് മന്ത്രി പറഞ്ഞു.

പാര്‍ലമെന്റില്‍ തിരക്കായതിനാല്‍ ആരോഗ്യമന്ത്രിയെ കാണാന്‍ കഴിയുമോയെന്ന് അറിയില്ലെന്നും സാഹചര്യം അനുസരിച്ച് പിന്നീട് കാണുമെന്നുമാണ് ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.







 

#Daily
Leave a comment