PHOTO: PTI
ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തില്‍ ഇന്ത്യക്ക് കന്നി സെഞ്ച്വറി
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ 100 മെഡല്‍ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലായിരുന്നു ഇതിന് മുന്നേയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 70 മെഡലുകളായിരുന്നു ജക്കാര്‍ത്തയില്‍ ഇന്ത്യ 2018 ല്‍ നേടിയത്. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 20 ലധികം സ്വര്‍ണ്ണം നേടുന്നത്. ഗെയിംസ് അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ശേഷിക്കേ ഇന്ത്യയുടെ മെഡല്‍ നേട്ടം 25 സ്വര്‍ണ്ണത്തിലും 35 വെള്ളിയിലും 40 വെങ്കലത്തിലും എത്തിനില്‍ക്കുന്നു. ചൈന, ജപ്പാന്‍, കൊറിയ എന്നിവര്‍ക്ക് പിന്നാലെ മെഡല്‍ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. ഒന്നാമതുള്ള ചൈനയ്ക്ക് 187 സ്വര്‍ണ്ണമുള്‍പ്പെടെ ആകെ 353 മെഡലുകളുണ്ട്.
കബഡിയിലൂടെ സെഞ്ച്വറി
വനിതാ വിഭാഗം കബഡി മത്സരത്തില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ക്കൊയ്ത്തില്‍ ഇന്ത്യ സെഞ്ച്വറി തികയ്ക്കുന്നത്. ഫൈനലില്‍ ചൈനീസ് തായ്പേയിയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നൂറ് മെഡലുകള്‍ തികച്ച ഗെയിംസിന്റെ പതിനാലാം ദിവസമായ ഇന്ന് രാവിലെ തന്നെ മൂന്ന് സ്വര്‍ണ്ണമുള്‍പ്പെടെ അഞ്ച് മെഡലുകള്‍ ഇന്ത്യ നേടിയിട്ടുണ്ട്. കബഡിയെ കൂടാതെ മറ്റ് നാല് മെഡലുകളും ഇന്ത്യ നേടിയത് ആര്‍ച്ചറിയിലാണ്. പുരുഷ വിഭാഗത്തില്‍ ഓജസ് ഡിയോട്ടിലെ സ്വര്‍ണ്ണം നേടിയപ്പോള്‍ വെള്ളിയും ഇന്ത്യക്കായിരുന്നു. വനിതാ വിഭാഗത്തില്‍ ജ്യോതി വെന്നം സ്വര്‍ണ്ണം നേടിയപ്പോള്‍ വെങ്കല മെഡലും ഇന്ത്യയിലേക്ക് തന്നെ എത്തി.
മെഡല്‍ നേട്ടം ഉയരും
ഗെയിംസ് അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കേ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇനിയും ഉയരുമെന്ന കാര്യം ഉറപ്പാണ്. ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഗുസ്തി മത്സരങ്ങള്‍ ഇനിയും നടക്കാനിരിക്കേ ഇന്ത്യയുടെ മെഡല്‍ നേട്ടം നൂറിന് മുകളിലേക്ക് കടക്കും എന്നുള്ള കാര്യം ഉറപ്പിക്കാം.