അസ്മിയ
അസ്മിയയുടെ മരണം: വേദനയോടെ കേരളം, അന്വേഷണത്തിന് പ്രത്യേക സംഘം
മതപഠന ശാലയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ബീമാ പള്ളി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോളേജിലെ അധ്യാപകരുടെ മാനസിക പീഢനമാണോ കാരണം എന്ന് സംശയിക്കുന്നതായി രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിക്ക് മേലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. ശനിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റലിലെ ലൈബ്രറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ദുരൂഹത ആരോപിച്ച് മാതാവ്
ബാലരാമപുരത്തെ അൽ അമൻ മതപഠന ശാലയിലെ വിദ്യാർത്ഥിനി അസ്മിയമോളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥാപനത്തിനെതിരെ ആരോപണവുമായി മാതാവ് റഹ്‌മത്ത് ബീവി.
അസ്മിയ എല്ലാ വെള്ളിയാഴ്ചയും വീട്ടിലേക്ക് ഫോൺ ചെയ്യാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച കുട്ടി ഫോൺ ചെയ്യാത്തതു കൊണ്ട് റഹ്‌മത്ത് ബീവി സ്ഥാപനത്തിൽ വിളിച്ചന്വേഷിച്ചു. അവൾ നാളെ ഫോൺ ചെയ്യും എന്നായിരുന്നു ഉസ്താദിന്റെ മറുപടി. പിന്നീട് ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അസ്മിയ വിളിക്കുകയും ഈ സ്ഥാപനം തനിക്ക് ഇഷ്ടമല്ല നാളെ വന്ന് കൂട്ടി കൊണ്ടുപോകണമെന്ന് കരഞ്ഞുകൊണ്ട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ ചെന്നപ്പോൾ കുട്ടി കുളിക്കുകയാണെന്ന് പറഞ്ഞ് ഒന്നര മണിക്കൂറോളം കാത്തിരുന്നു. പിന്നീട് മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നും അധികൃതർ ആംബുലൻസ് വിളിക്കുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്തില്ല എന്നും അസ്മിയയുടെ മാതാവ് ആരോപിക്കുന്നു. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
അറബിക് കോളേജിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന അസ്മിയയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റൽ ലൈബ്രറിയിൽ അസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് ജീവനക്കാരിൽ നിന്നും പത്ത് വിദ്യാർത്ഥിനികളിൽ നിന്നും ബാലരാമപുരം പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ചെറിയ പെരുന്നാളിന് വീട്ടിലേക്ക് പോകുമ്പോൾ ഇനി മടങ്ങി വരില്ലെന്ന് അസ്മിയ പറഞ്ഞതായി ചില വിദ്യാർത്ഥിനികൾ പൊലീസിനോട് പറഞ്ഞു. 165 ഓളം വിദ്യാർത്ഥികളാണ് സ്ഥാപനത്തിൽ പഠിക്കുന്നത്. ഇതിൽ 35 പേർ താമസിച്ച് പഠിക്കുന്നവരാണ്. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് വിദ്യാർത്ഥികൾക്ക് ഫോൺ ചെയ്യാനുള്ള അനുമതി.
ബാലരാമപുരത്തെ മദ്രസയിലെ അധ്യാപകനെതിരേയും അധ്യാപികക്കെതിരേയുമാണ് കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നത്. രണ്ടാം തീയതിയാണ് അസ്മിയയെ കോളേജിലേക്ക് കൊണ്ടുവിട്ടത്. ആ ദിവസം കുട്ടി അധ്യാപികക്കെതിരെ പരാതി പറഞ്ഞിരുന്നു. അധ്യാപിക തന്നെ എന്നും ശപിക്കുകയും വഴക്കു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നും ഉസ്താദിനോട് പറഞ്ഞ് അതൊന്ന് ശരിയാക്കണമെന്നും പറഞ്ഞ് അസ്മിയ കരഞ്ഞിരുന്നെന്ന് അമ്മ പറയുന്നു. കുട്ടി പറഞ്ഞതനുസരിച്ച് അധ്യാപികയ്ക്ക് വാണിങ് നൽകണമെന്നും തന്റെ കുട്ടിയെ വഴക്ക് പറയരുതെന്നും ഉസ്താദിനോട് പറഞ്ഞെന്നും എന്നാൽ അസ്മിയ പരാതി നേരിട്ട് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് പരാതി പരിഗണിക്കാൻ പറ്റില്ലെന്നും ഉസ്താദ് പറഞ്ഞതായി അവർ ആരോപിക്കുന്നു.
സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളിൽ പൊലീസ് സമഗ്രാന്വേഷണം നടത്തണമെന്നും, ഇത്തരത്തിൽ കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.