TMJ
searchnav-menu
post-thumbnail

TMJ Daily

സിറിയ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അസദ്

17 Dec 2024   |   1 min Read
TMJ News Desk

ഷ്യയിലേക്ക് പലായനം ചെയ്യാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് പറഞ്ഞു. എട്ട് ദിവസങ്ങള്‍ക്ക് മുമ്പ് എച്ച്ടിഎസ് ഡമാസ്‌കസ് കീഴടക്കിയശേഷമുള്ള അസദിന്റെ ആദ്യത്തെ പ്രസ്താവനയാണിത്.

സിറിയന്‍ പ്രസിഡന്റിന്റെ ടെലഗ്രാം ചാനലിലാണ് അസദിന്റെ പ്രസ്താവന വന്നത്. എന്നാല്‍, നിലവില്‍ ഈ ചാനല്‍ ആരാണ് നിയന്ത്രിക്കുന്നതെന്നോ അസദ് തന്നെയാണോ പ്രസ്താവന എഴുതിയതെന്നോ വ്യക്തമല്ല.

സിറിയന്‍ തലസ്ഥാനം ഡമാസ്‌കസ് കീഴടക്കിയപ്പോള്‍ ലാതകിയ പ്രവിശ്യയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എത്തിയപ്പോള്‍ സിറിയന്‍ സൈന്യം അവിടം ഉപേക്ഷിച്ച് പോയതായി കണ്ടുവെന്ന് പ്രസ്താവന പറയുന്നു.

മീമിം വ്യോമകേന്ദ്രം കടുത്ത ഡ്രോണ്‍ ആക്രമണത്തിന് വിധേയമായി. ഈ സാഹചര്യത്തില്‍ തന്നെ മോസ്‌കോയിലേക്ക് വിമാനത്തില്‍ കൊണ്ടുപോകാന്‍ റഷ്യക്കാര്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറയുന്നു. അറബിയിലും ഇംഗ്ലീഷിലുമാണ് പ്രസ്താവന എഴുതിയിരിക്കുന്നത്.

കേന്ദ്രം വിടാനൊരു മാര്‍ഗവും ഇല്ലാതെ വന്നപ്പോള്‍ ഡിസംബര്‍ 8-ന് വൈകുന്നേരം കേന്ദ്രത്തിന്റെ തലവനോട് അസദിനെ ഉടനടി റഷ്യയിലേക്ക് കൊണ്ടുവരാന്‍ മോസ്‌കോ ആവശ്യപ്പെട്ടുവെന്ന് പ്രസ്താവന പറയുന്നു.

അവസാനത്തെ സൈനിക പോസ്റ്റും വീണതിന് പിന്നാലെ ഡമാസ്‌കസ് എച്ച്ടിഎസിന്റെ കൈയ്യിലായി ഒരു ദിവസത്തിനുശേഷമാണിത്. അത് അവശേഷിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതിന് കാരണമായി.

ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഒരിക്കലും രാജി വയ്ക്കുന്നതിനെ കുറിച്ചോ അല്ലെങ്കില്‍ അഭയം അഭ്യര്‍ത്ഥിക്കുയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഭീകരതയുടെ കൈകളിലേക്ക് വീഴുമ്പോഴും അര്‍ത്ഥവത്തായ പങ്ക് വഹിക്കാനുള്ള കഴിവ് നഷ്ടമാകുമ്പോഴും ഏതൊരു സ്ഥാനത്തിനും ലക്ഷ്യമില്ലാതെ വരുമെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

12 ദിവസം കൊണ്ട് ഹയാത്ത് തഹ്രിര്‍ അല്‍-ഷാം (എച്ച്ടിഎസ്) സിറിയന്‍ നഗരങ്ങള്‍ കീഴടക്കുമ്പോള്‍ അസദിനെ ഒരിടത്തും കണ്ടിരുന്നില്ല. എച്ച്ടിഎസ് ഡമാസ്‌കസിലേക്ക് പ്രവേശിക്കുമ്പോള്‍ സ്വന്തം പ്രധാനമന്ത്രിയുമായി പോലും ആശയവിനിമയം നടത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് അസദ് രാജ്യം വിട്ടതെന്നാണ് അനുമാനം.

അസദിന് റഷ്യയില്‍ രാഷ്ട്രീയ അഭയം നല്‍കുമെന്ന് മോസ്‌കോ ഡിസംബര്‍ 9-ന് പ്രഖ്യാപിച്ചു. അതേസമയം, എച്ച്ടിഎസ് സിറിയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.



#Daily
Leave a comment