REPRESENTATIONAL IMAGE: PTI
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കാനൊരുങ്ങി അസം സര്‍ക്കാര്‍
ഒക്ടോബര്‍ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കാന്‍ തീരുമാനമെടുത്ത് അസം സര്‍ക്കാര്‍. ഒരു ലിറ്ററില്‍ താഴെയുള്ള വാട്ടര്‍ ബോട്ടിലുകളും നിരോധനത്തില്‍ പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ഒക്ടോബര്‍ രണ്ടു മുതല്‍ ഒരു ലിറ്ററില്‍ താഴെയുള്ള പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (പി.ഇ.ടി) ഉപയോഗിച്ച് നിര്‍മിച്ച കുടിവെള്ള കുപ്പികളുടെ നിര്‍മാണവും ഉപയോഗവും നിരോധിക്കും. ഇതിനോടൊപ്പം തന്നെയാണ് ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കിന്റെയും നിരോധനം.
കൂടാതെ ഒക്ടോബര്‍ രണ്ടു മുതല്‍ മൂന്നു മാസത്തേക്ക് സംക്രമണ കാലയളവായിരിക്കുമെന്നും 2021 ലെ പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് (ഭേദഗതി) നിയമപ്രകാരമാണ് തീരുമാനമെന്നുമാണ് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ഒക്ടോബര്‍ രണ്ടോടു കൂടി രണ്ട് ലിറ്ററില്‍ താഴെയുള്ള, പി.ഇ.ടി ഉപയോഗിച്ച് നിര്‍മിച്ച കുടിവെള്ള കുപ്പികളുടെ ഉത്പാദനവും ഉപയോഗവും സര്‍ക്കാര്‍ നിരോധിക്കും. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനത്തോടെ മാലിന്യസംസ്‌കരണത്തില്‍ പുതിയ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ് അസം സര്‍ക്കാര്‍.
സംസ്ഥാനത്തിലെ പുത്തന്‍ വികസന നയങ്ങള്‍
വെള്ളപ്പൊക്കരഹിത അസം എന്ന സ്വപ്നം നിറവേറ്റുന്നതിനായി ക്ലൈമറ്റ് റെസിലിയന്റ് ബ്രഹ്‌മാപുത്ര ഇന്റഗ്രേറ്റഡ് ഫ്‌ളഡ് ആന്റ് റിവര്‍ബാങ്ക് ഇറോഷന്‍ റിസ്‌ക് മാനേജ്‌മെന്റ് പ്രോജക്ട് എന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 2,097 കോടി രൂപയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പ്രകാരം ബ്രഹ്‌മപുത്ര നദീതടത്തോട് ചേര്‍ന്ന് കിടക്കുന്ന ജില്ലകള്‍ക്ക് ഇത് ഉപയോഗപ്രദമാകും. പ്രത്യേകിച്ചും അസമിലെ ടിന്‍സുകിയ, ദിബ്രുഗഡ്, മോറിഗാവ്, കാംരൂപ്, ഗോള്‍പാറ എന്നീ ജില്ലകള്‍ക്കാകും പ്രയോജന സാധ്യത കല്‍പ്പിക്കുന്നത്. ആകെ 72.7 കി.മീ മണ്ണൊലിപ്പ് തടയല്‍ പ്രവര്‍ത്തനങ്ങളും 3.27 കി.മീ കായല്‍ സംരക്ഷണ ജോലികളും വിഭാവനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മുഖ്യമന്ത്രിര്‍ ദക്ഷ്യ പോഹാര്‍ സോണി/മുഖ്യമന്ത്രിര്‍ സഞ്ചയ് പോഹാര്‍ അസോണി എന്നീ പദ്ധതിയുടെ കീഴില്‍ താഴേതട്ടില്‍ ജീവിക്കുന്ന സാധാരണക്കാരായ ഏകദേശം 50 ലക്ഷം കുടുംബങ്ങള്‍ക്ക് 9 വാട്ട് എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ഏകദേശം 130 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം ഉപയോക്താക്കളുടെ ഊര്‍ജ ഉപഭോഗം കുറയുകയും കുറഞ്ഞ ബില്ല് നിരക്കിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തിരക്കേറിയ സമയങ്ങളിലെ വൈദ്യുതി ലോഡ് നിയന്ത്രിക്കാനും ഈ പദ്ധതി സഹായകരമായേക്കാം.
വകുപ്പുതല അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത വിരമിച്ച ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥരായി എംപാനല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി മുതല്‍ എല്ലാ ക്യാബിനറ്റ് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും തിരഞ്ഞെടുത്ത 5,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംസ്ഥാനത്തെ സെന്‍സസ് ഗ്രാമങ്ങളില്‍ മൂന്നു മുതല്‍ 15 ദിവസം വരെ ചെലവഴിക്കുമെന്നും സംസ്ഥാനത്തെ 15 ക്ഷേമപദ്ധതികളില്‍ നിന്ന് ഗ്രാമീണര്‍ക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ നിരീക്ഷിക്കുമെന്നും അവരുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.