TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

അസം-മേഘാലയ തര്‍ക്കം; രണ്ടാംഘട്ട ചര്‍ച്ച ഉടന്‍

03 May 2023   |   2 min Read
TMJ News Desk

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അസമുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള തീയതി സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ അറിയിച്ചു. അടുത്ത ചര്‍ച്ചയില്‍ തര്‍ക്കം നിലനില്‍ക്കുന്ന 12 മേഖലകളില്‍ ആറെണ്ണത്തിലും ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തും. 

'അസം മുഖ്യമന്ത്രിയുമായി രണ്ടുതവണ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടത്തി. ചര്‍ച്ച ചെയ്യാനുള്ള തീയതികള്‍ നിശ്ചയിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നു. മെയ് മാസത്തിനുള്ളില്‍ രണ്ടാംഘട്ട ചര്‍ച്ച ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാങ്മ പറഞ്ഞു. രണ്ടാംഘട്ട ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് പരമാവധി ശ്രമങ്ങള്‍ നടത്തുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഐക്യത്തിന്റെ പാതയിലേക്ക്

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഈയടുത്ത് രൂക്ഷമാകുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മേഘാലയ മുഖ്യമന്ത്രിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും കഴിഞ്ഞ വര്‍ഷം ജനുവരി 19 ന് സംയുക്ത മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. കൂടാതെ, മാര്‍ച്ചില്‍ തര്‍ക്കം നിലനില്‍ക്കുന്ന 12 സ്ഥലങ്ങളില്‍ ആറെണ്ണത്തില്‍ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അസം, മേഘാലയ മുഖ്യമന്ത്രിമാര്‍ കരാറില്‍ ഒപ്പുവച്ചത്. 

രണ്ടാംഘട്ട ചര്‍ച്ചയില്‍ പ്രാദേശിക കാഴ്ചപ്പാടുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മേഘാലയ സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഭിന്നതയുള്ള മേഖലകളിലെ സ്ഥിതി പരിശോധിച്ച് 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നു മേഖലാ കമ്മിറ്റികളും പുനഃസംഘടിപ്പിച്ചിരുന്നു. മൊത്തം 12 സ്ഥലങ്ങളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. അതില്‍ ആറ് പ്രദേശങ്ങളിലെ തര്‍ക്കങ്ങളാണ് അടിയന്തിരമായി പരിഹരിക്കുന്നത്. തര്‍ക്കം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം തന്നെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തയ്യാറായിരുന്നതാണ്. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള അസമിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ എതിര്‍ക്കുകയും തിരക്കുകൂട്ടാതെ വിശാലമായ തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ട് അന്തിമ തീരുമാനം എടുത്താല്‍ മതിയെന്നും അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗരേഖയും തയ്യാറാക്കിയിട്ടുണ്ട്. 

തര്‍ക്കങ്ങളുടെ ചരിത്രം

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഏകദേശം 50 വര്‍ഷത്തോളമായി. അസമില്‍ നിന്ന് ഒരു പ്രത്യേക സംസ്ഥാനമായി മേഘാലയ രൂപീകരിച്ചതിനു ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. 1971 ലെ അസം പുനഃസംഘടനാ നിയമത്തിനു കീഴിലാണ് മേഘാലയയെ അസമില്‍ നിന്ന് വേര്‍പെടുത്തിയത്. എന്നാല്‍, അതിര്‍ത്തി നിര്‍ണയം ഏറെ വെല്ലുവിളി നിറഞ്ഞതും തര്‍ക്കങ്ങളിലേക്ക് നയിക്കുന്നതുമായിരുന്നു. 

ഇരു സംസ്ഥാനങ്ങളും 885 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. ഈ മേഖലയിലെ 12 പ്രദേശങ്ങളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. അപ്പര്‍ താരാബാരി, ഗസാങ്ങ് റിസര്‍വ് ഫോറസ്റ്റ്, ഹാഹിം, ലാങ്പിഹ്, ബോര്‍ഡുവാര്‍, ബോക്ലപാറ, നോങ്വ, മതാമൂര്‍, ഖാനപാറ-പിലംഗട്ട, ദേശ്‌ഡെമോറിയ ബ്ലോക്ക് 1, ബ്ലോക്ക് 2, ഖണ്ഡുലി, റെറ്റാചെറ എന്നീ പ്രദേശങ്ങളാണ് തര്‍ക്കത്തില്‍ കിടക്കുന്നത്.  

അസമിലെ കാംരൂപ് ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെസ്റ്റ് ഗാരോ കുന്നുകളില്‍ (നിലവില്‍ മേഘാലയയുടെ ഭാഗം) സ്ഥിതി ചെയ്യുന്ന ലാംഗ്പിഹ് ജില്ലയാണ് പ്രധാന തര്‍ക്കമേഖല. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ലാംഗ്പിഹ് കാംരൂപ് ജില്ലയുടെ ഭാഗമായിരുന്നുവെങ്കിലും മേഘാലയ സംസ്ഥാനമായി രൂപപ്പെട്ടതിനുശേഷം ലാംഗ്പിഹ് ഗാരോ കുന്നുകളുടെയും മേഘാലയയുടെയും ഭാഗമായി മാറി. എന്നാല്‍, അത് അംഗീകരിക്കാന്‍ അസം തയ്യാറായിരുന്നില്ല. അസമിന്റെ ഭാഗമായുള്ള മിക്കിര്‍ കുന്നുകളുടെ പ്രദേശമായാണ് അവര്‍ ലാംഗ്പിഹിനെ കാണുന്നത്. അതേസമയം, തങ്ങളുടെ ചില ഭാഗങ്ങള്‍ അസമും കൈയ്യടക്കിയിട്ടുണ്ടെന്ന് മേഘാലയയും അവകാശപ്പെട്ടിരുന്നു.


#Daily
Leave a comment