PHOTO: PTI
പന്നൂനെതിരെയുള്ള വധശ്രമം; ഇന്ത്യന്‍ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം തയ്യാറാക്കി അമേരിക്ക
ഖലിസ്ഥാന്‍ വിഘടനവാദി നേതാവും അമേരിക്കന്‍ പൗരനുമായ ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തിയെന്ന് യുഎസ്. അമേരിക്കന്‍ നീതിന്യായ വകുപ്പ് നവംബര്‍ 29 ന് ന്യൂയോര്‍ക്കിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പന്നൂനെ വധിക്കാന്‍ മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയായ നിഖില്‍ ഗുപ്ത എന്നയാളെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ നിയോഗിച്ചതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു.
പന്നൂനെ വധിക്കാന്‍ കൊലയാളിയെ ഏര്‍പ്പെടുത്തി
കുറ്റപത്രത്തില്‍ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇയാള്‍ മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണെന്നും നിലവില്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഇന്റലിജന്‍സ് എന്നിവയുടെ ഉത്തരവാദിത്തങ്ങളുള്ള സീനിയര്‍ ഫീല്‍ഡ് ഓഫീസര്‍ ആണെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2023 മെയ് മാസത്തില്‍ നിഖില്‍ ഗുപ്തയുമായി ഈ ഉദ്യോഗസ്ഥന്‍ ബന്ധപ്പെടുകയും നിരവധികേസുകളില്‍ പ്രതിയായ ഗുപ്തയെ കേസുകളില്‍ നിന്ന് ഒഴിവാക്കാം എന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഗുപ്തയെ ഗൂഢാലോചനയുടെ ഭാഗമാക്കിയത്. ഉദ്യോഗസ്ഥന്‍ നിരവധിതവണ നിഖില്‍ ഗുപ്തയെ ടെലിഫോണ്‍ വഴി ബന്ധപ്പെടുകയും പിന്നീട് ഡല്‍ഹിയില്‍വെച്ച് നേരിട്ട് കണ്ടതായും പറയുന്നു. പന്നൂനെ വധിക്കാന്‍ ഒരു കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു നിഖില്‍ ഗുപ്തയ്ക്ക് ഉദ്യോഗസ്ഥന്‍ നല്‍കിയ ജോലി. നിഖില്‍ ഗുപ്ത ഒരു കൊലയാളിയെ കണ്ടെത്തുകയും ഒരുലക്ഷം ഡോളറിന്റെ കൊട്ടേഷന്‍ നല്‍കാന്‍ പദ്ധതിയിടുകയും ചെയ്തു. എന്നാല്‍ കണ്ടെത്തിയ കൊലയാളി യു എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ അണ്ടര്‍കവര്‍ ഏജന്റ് ആയിരുന്നു. അങ്ങനെയാണ് ഗൂഢാലോചന പുറത്തുവന്നത്. ഈ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ പറയുന്നു. നിലവില്‍ നിഖില്‍ ഗുപ്ത ചെക് അധികൃതരുടെ കസ്റ്റഡിയിലാണ്. ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരമാവധി 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് നിഖില്‍ ഗുപ്തയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലക്ഷ്യം സിഖ് രാഷ്ട്രം
പഞ്ചാബിലെ ഖാന്‍കോട്ട് ഗ്രാമത്തില്‍ ജനിച്ച ദുര്‍പത്വന്ത് സിങ് പന്നുന്‍ വിഘടനവാദത്തെ പിന്തുണയ്ക്കുകയും സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി ഖലിസ്ഥാന്‍ ആശയത്തിന് പ്രോത്സാഹനം നല്‍കി. സിഖസ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക അധ്യക്ഷനാണ് പന്നുന്‍. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുന്‍നിര്‍ത്തി അമേരിക്ക, കാനഡ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പന്നൂനെ ഇന്ത്യ 2020 ല്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബില്‍ ഇയാള്‍ 22 കേസുകളില്‍ പ്രതിയാണ്. 2022 ഒക്ടോബറില്‍ പന്നൂനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റര്‍പോള്‍ ആവശ്യം നിരസിച്ചു. അധികം വൈകാതെ തന്നെ ഖലിസ്ഥാന്‍ പതാക ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ഉയരുമെന്നാണ് പന്നുന്‍ നടത്തുന്ന അവകാശവാദം.