TMJ
searchnav-menu
post-thumbnail

TMJ Daily

ഇഗോര്‍ കിരില്ലോവിന്റെ വധം: ഒരു ഉസ്‌ബെക്കുകാരന്‍ അറസ്റ്റില്‍

18 Dec 2024   |   1 min Read
TMJ News Desk

ഷ്യയുടെ മുതിര്‍ന്ന ജനറല്‍ ഇഗോര്‍ കിരില്ലോവിനേയും സഹായിയേയും മോസ്‌കോയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ബോംബ് സ്‌ഫോടനത്തില്‍ വധിച്ച സംഭവത്തിൽ 29 വയസ്സുകാരനായ ഉസ്‌ബെക്കിസ്താന്‍കാരന്‍ അറസ്റ്റില്‍. ഇയാള്‍ ഭീകരപ്രവൃത്തി ചെയ്തുവെന്ന് റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ പബ്ലിക് റിലേഷന്‍സ് കേന്ദ്രം പറഞ്ഞു. യുക്രൈയ്ന്‍ സ്‌പെഷ്യല്‍ സര്‍വീസസ് ആണ് തന്നെ റിക്രൂട്ട് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയെന്ന് കേന്ദ്രം പറയുന്നു.

ഇഗോറിനെ കൊല്ലുന്നതിന് പകരമായി ഒരു ലക്ഷം ഡോളറും യൂറോപ്യന്‍ യൂണിയനിലേക്ക് പ്രവേശിക്കാനുള്ള അനുവാദവും ലഭിക്കുമെന്ന് വാഗ്ദാനം ലഭിച്ചുവെന്ന് ഇയാള്‍ പറയുന്ന വീഡിയോ എഫ് എസ് ബി പുറത്തുവിട്ടു. യുക്രൈയ്ന്റെ നിര്‍ദ്ദേശ പ്രകാരം മോസ്‌കോയില്‍ എത്തിയ ഇയാള്‍ റഷ്യയില്‍ നിര്‍മ്മിച്ച ബോംബ് ഉപയോഗിക്കുകയും ചെയ്തുവെന്ന് എഫ് എസ് ബി പറയുന്നു.

ഇഗോര്‍ വസിച്ചിരുന്ന വീടിന്റെ പ്രവേശന കവാടത്തില്‍ ബോംബടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വച്ചു. തുടര്‍ന്ന് ഇഗോറിന്റെ വീട് നിരീക്ഷിക്കുന്നതിനായി ഒരു കാര്‍ വാടയ്‌ക്കെടുത്തു. ഡാഷ്‌ബോര്‍ഡില്‍ ഒരു ക്യാമറ സ്ഥാപിച്ച് അതിലൂടെ യുക്രൈയ്ന്‍ നഗരമായ നിപ്രോയിലുള്ള യുക്രൈയ്ന്‍ അധികൃതര്‍ക്ക് സംഭവം തത്സമയം സംപ്രേക്ഷണം ചെയ്തു. ആണവ, രാസ, ജൈവ ആയുധങ്ങളുടെ സംരക്ഷണ സേനയുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിരില്ലോവിനെ ഇന്നലെയാണ് വധിച്ചത്. ഇഗോറിനെ വധിച്ചതിന്റെ ഉത്തരവാദിത്വം യുക്രൈയ്ന്‍ ഏറ്റെടുത്തിരുന്നു.

യുക്രൈയ്ന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ റിക്രൂട്ട് ചെയ്ത വ്യക്തിയെയാണ് അറസ്റ്റ് ചെയ്തതെന്ന് റഷ്യയുടെ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു. അറസ്റ്റിലായ ആളുടെ പേര് പുറത്ത് വിട്ടിട്ടില്ല. ഇഗോര്‍ നിയമപരമായ ലക്ഷ്യമാണെന്നും അയാള്‍ യുദ്ധക്കുറ്റക്കൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും യുക്രൈയ്ന്‍ ആരോപിച്ചിരുന്നു. നിരോധിത രാസായുധങ്ങള്‍ ഇഗോര്‍ പ്രയോഗിച്ചിട്ടുണ്ടെന്നും യുക്രൈയ്ന്‍ പറഞ്ഞിരുന്നു. ഇഗോര്‍ കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ആരോപണം. എന്നാല്‍ റഷ്യ ആരോപണങ്ങള്‍ നിഷേധിച്ചു. ഇഗോറിന്റെ നേതൃത്വത്തില്‍ റഷ്യ 4,800 തവണ രാസായുധം പ്രയോഗിച്ചുവെന്ന് യുക്രൈയ്ന്‍ പറയുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന രാസായുധങ്ങളുടെ വലിയൊരു ശേഖരം 2017ല്‍ നശിപ്പിച്ചുവെന്ന് റഷ്യ പറയുന്നു.




#Daily
Leave a comment