IMAGE | WIKI COMMONS
ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ആക്രമണം; ജോലിക്കെന്ന വ്യാജേന കൊണ്ടുപോയി കെട്ടിയിട്ടു
താമരശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ആക്രമണം. ജോലിക്കെന്ന വ്യാജേന ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ചതായാണ് പരാതി. പശ്ചിമബംഗാള്‍ സ്വദേശി നജ്മല്‍ ആലം എന്ന യുവാവിനാണ് ആക്രമണം നേരിട്ടത്. താമരശ്ശേരി പി സി മുക്കില്‍ താമസിച്ച് ജോലി ചെയ്യുകയാണ് ഇയാള്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി ബിനുവിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ ഒന്‍പത് മണിയോടെ യുവാവിനെ ബിനു ബുള്ളറ്റില്‍ കയറ്റി താമരശ്ശേരി പള്ളിപ്പുറം ഭാഗത്തുള്ള ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഫ്‌ളാറ്റിനുള്ളില്‍ വച്ച് ആക്രമിച്ചെന്നും മണിക്കൂറുകളോളം കെട്ടിയിട്ടെന്നും യുവാവ് പറഞ്ഞു. മുഖം മൂടിക്കെട്ടിയെന്നും യുവാവ് വ്യക്തമാക്കി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഫ്‌ളാറ്റിന്റെ ലൊക്കേഷന്‍ യുവാവ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. രാത്രി 10 മണിയോടെയാണ് വിവരം പൊലീസ് അറിയുന്നത്. ലൊക്കേഷനില്‍ എത്തിയ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റില്‍ നിന്നും അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ബിനുവിനെ ചോദ്യം ചെയ്യുകയാണെന്നും ആക്രമിച്ചതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.