PHOTO: PTI
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഛത്തീസ്ഗഢില്‍ രണ്ടു ഘട്ടങ്ങളിലായി നവംബര്‍ 7 നും നവംബര്‍ 17 നുമാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. തെലങ്കാനയില്‍ നവംബര്‍ 30, രാജസ്ഥാനില്‍ നവംബര്‍ 23, മധ്യപ്രദേശില്‍ നവംബര്‍ 17 തീയതികളിലും വോട്ടെടുപ്പ് നടക്കും.
മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് സംസ്ഥാനങ്ങള്‍
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും 2023 ഡിസംബറിനും 2024 ജനുവരിക്കുമുള്ളില്‍ നിയമസഭാ കാലാവധി അവസാനിക്കും. രാജസ്ഥാനില്‍ 199, തെലങ്കാന 119, മധ്യപ്രദേശ് 230, ഛത്തീസ്ഗഢ് 90, മിസോറാം 40 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ അഞ്ച് സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ വിലയിരുത്തിയിരുന്നു. ഡിസംബര്‍ 3 നാണ് വോട്ടെണ്ണൽ. മിസോറാമിലെ നിയമസഭയുടെ കാലാവധി ഡിസംബര്‍ 17 ന് അവസാനിക്കും. ബിജെപിയും സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് (എംഎന്‍എഫ്) സംസ്ഥാനത്ത് അധികാരത്തിലുള്ളത്.
നിര്‍ണായകമാകുന്ന ജനവിധി
തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി അടുത്തവര്‍ഷം ജനുവരിയില്‍ ആണ് അവസാനിക്കുക. ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയും തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) യുമാണ് ഭരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഭരണവിരുദ്ധ വികാരവും പ്രാദേശിക പ്രശ്നങ്ങളും മറികടന്ന് ഭരണം നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുന്നിലെ വെല്ലുവിളി. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കടുത്ത ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്. നിലവില്‍ ഇവിടെ 78 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും തയ്യാറായിട്ടുണ്ട്. ഇതില്‍ മൂന്ന് കേന്ദ്രമന്ത്രിമാരും നാല് എംപിമാരുമുണ്ട്.
രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരമില്ലെങ്കിലും അശോക് ഗെഹ്‌ലോട്ട്-സച്ചിന്‍ പൈലറ്റ് ഗ്രൂപ്പ് പോര്, താഴെത്തട്ടില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നിലവിലെ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടും ഭൂപേഷ് ബാഗലുമായിരിക്കും പ്രധാനമുഖങ്ങള്‍. തെലങ്കാനയില്‍ ബിആര്‍എസിനെ കോണ്‍ഗ്രസും ബിജെപിയും നേരിടും. സാങ്കേതികമായി ത്രികോണ മത്സരമാണെങ്കിലും ബിആര്‍എസും കോണ്‍ഗ്രസും തമ്മിലാകും പ്രധാന പോരാട്ടം.